ഡോക്ടർമാർ ജില്ലയിൽ 17 ന് പണിമുടക്കും

Wednesday 15 March 2023 12:00 AM IST

തൃശൂർ: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 17ന് നടത്തുന്ന സമരത്തിൽ തൃശൂരിലെ ഡോക്ടർമാർ പങ്കെടുക്കുമെന്ന് ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ശോഭന മോഹൻദാസ് പറഞ്ഞു. അന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അടിയന്തര ചികിത്സയല്ലാതെ ഒന്നും ചെയ്യില്ല. ഗർഭിണിക്കുണ്ടായ അണുബാധ മൂലം ഗർഭസ്ഥ ശിശു മരിക്കുകയും അതേസമയം രോഗിയെ ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ചികിത്സാപ്പിഴവ് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ 200ലേറെ ആശുപത്രികളിൽ ആക്രമണങ്ങൾ നടന്നു. അക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്നും 24മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കണമെന്നും ഹൈക്കോടതി വിധിച്ചത് പാലിക്കപ്പെടുന്നില്ലായെന്നും ഇവർ പറഞ്ഞു. ഡോ. ഗോപികുമാർ, ഡോ. മോളി ബേബി, ഡോ. സുരേഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.