ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ ചരിഞ്ഞു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ (49) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി കെട്ടുംതറിയിൽ തളർന്നു വീഴുകയായിരുന്നു. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം ആറിനാണ് അഴിച്ചത്. മദപ്പാട് കാലത്ത് പൊതുവേ ഭക്ഷണം കുറവു കഴിക്കുന്ന ആനയ്ക്ക് എരണ്ടക്കെട്ട് ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ആന വെള്ളം കുടിച്ചിരുന്നില്ല. കിടക്കാനും കൂട്ടാക്കിയിരുന്നില്ല. ആനയെ പകൽ നടത്തിച്ചിരുന്നെങ്കിലും വൈകീട്ടോടെ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങുകയായിരുന്നു. തളർന്നുവീണ ഉടൻ ഡോക്ടർമാരെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്. മായാദേവി, മാനേജർ സി.ആർ. ലെജുമോൾ എന്നിവർ രാത്രി തന്നെ പുന്നത്തൂർക്കോട്ടയിൽ എത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൊമ്പന്റെ മൃതദേഹം സംസ്‌കാരത്തിനായി കോടനാട് വനത്തിലേക്ക് കൊണ്ടുപോയി. തൃശൂർ പൂരത്തിന് പതിവായി പങ്കെടുക്കുന്ന ആനയാണ് ജൂനിയർ മാധവൻ. പി. രാജൻ, കെ. സതീശൻ എന്നിവരാണ് പാപ്പാൻമാർ. 1981 ജൂൺ 10ന് കോഴിക്കോട് സ്വദേശി വി. മാധവൻ മേനോനാണ് നടയിരുത്തിയത്. വളരെ ശാന്തപ്രകൃതക്കാരനായ ജൂനിയർ മാധവൻ പൂരക്കാലത്ത് തിരക്കുള്ള ആനയായിരുന്നു.