സിമന്റുമായി വന്ന മിനിലോറിയുടെ ടയറിലെ കാറ്റഴിച്ചു വിട്ടു

Wednesday 15 March 2023 12:33 AM IST

ചെറുവത്തൂർ: സിമന്റുമായി വന്ന മിനിലോറിയുടെ ടയറിലെ കാറ്റഴിച്ചുവിട്ടതായി പരാതി. ഇത് സംബന്ധിച്ച് മുഗൾ സ്റ്റീൽ ഏജൻസി ഉടമ പി. അബ്ദുൽ റഹൂഫ് ചന്തേര പൊലീസിൽ പരാതി നൽകി.

നീലേശ്വരത്തു നിന്നും 50 ചാക്ക് സിമന്റുമായി വരുന്നതിനിടയിൽ 15 ചാക്ക് സിമന്റ് ഗാർഹിക ആവശ്യത്തിനായി പൊന്മാലത്തെ കുഞ്ഞികൃഷ്ണൻ എന്ന വ്യക്തിയുടെ ഗൃഹനിർമ്മാണ സൈറ്റിൽ അദ്ദേഹത്തിന്റെ തൊഴിലാളികൾ ഇറക്കിയിരുന്നു. ബാക്കി സിമന്റ് പയ്യങ്കിയിൽ ഇറക്കുന്നതിനായി ചുമട്ടുതൊഴിലാളികളുമായി വരുന്ന വഴിയിൽ കുഴിഞ്ഞിടിയിൽ എത്തിയപ്പോൾ വാഹനം നിർത്തിച്ച് വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾ തന്നെ ടയറിന്റെ കാറ്റഴിച്ചു വിട്ടുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കുഞ്ഞികൃഷ്ണന്റെ വീട്ടിൽ സിമന്റിറക്കാൻ കൂലിക്കാർ ആവശ്യമില്ലെന്നതുകൊണ്ടാണ് അത്തരത്തിൽ ചെയ്തത്. അതേസമയം ചുമട്ടുകാരല്ലാത്തവർ സിമന്റിറക്കിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ 2012 ഡിസംബർ 21 ന് ചുമട്ടുതൊഴിലാളികളുമായി നടന്ന ചർച്ചയിൽ ഗൃഹനിർമ്മാണ മേഖലയിൽ വീട്ടുകാർക്ക് നിർമ്മാണ സാധനങ്ങൾ സ്വയം ഇറക്കാൻ തടസ്സമില്ലെന്ന് തീരുമാനമെടുത്തിരിക്കെ, ഇന്നലെ നടന്നത് ആക്രമമാണെന്നും ഇതിനെതിരെ കുറ്റക്കാർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.