ഗൗതം അദാനിയുടെ മകന് മാംഗല്യം; വധു പ്രമുഖ വജ്രവ്യാപാരിയുടെ മകൾ
അഹമ്മദാബാദ്: രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനി വിവാഹിതനാകുന്നു. ദിവ ജെയ്‌മിൻഷായാണ് വധു. ഗുജറാത്തിലെ അഹമ്മദാബാദിൽ ലളിതവും സ്വകാര്യവുമായ ചടങ്ങായാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. ഞായറാഴ്‌ചയാണ് ചടങ്ങ് നടത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ദിവയുടെ പിതാവ് ജെയ്‌മിൻഷാ പ്രമുഖ വജ്ര വ്യാപാരിയാണ്.
ഇരുവരും പരമ്പരാഗത ഇന്ത്യൻ വസ്‌ത്രധാരണമാണ് വിവാഹനിശ്ചയത്തിന് തിരഞ്ഞെടുത്തത്. കുർത്തയും ജാക്കറ്റുമാണ് ജീതിന്റെ വേഷം ദിവയാകട്ടെ ലെഹങ്കയാണ് ധരിച്ചിരുന്നത്. വധൂവരന്മാരുടെ ഒരു ചിത്രമല്ലാതെ മറ്റ് ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അദാനി ഗ്രൂപ്പ് ഫിനാൻസിലെ വൈസ് പ്രസിഡന്റായ ജീത് 2019ലാണ് അദാനി ഗ്രൂപ്പിൽ ചേർന്നത്. അമേരിക്കയിലെ പെൻസിൽവാനിയ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് അപ്ളൈഡ് സയൻസസിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. അദാനി ബിസിനസ് ഗ്രൂപ്പിന്റെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആപ്പ് നിർമ്മിക്കുന്നതിന് തയ്യാറെടുക്കുന്ന ജീത്തിന് അദാനി ലാബ്‌സിന്റെയും അദാനി എയർപോർട്ട് ബിസിനസിന്റെയും ചുമതല കൂടിയുണ്ട്.