സജീഷിനും മാത്യൂസ് വർഗീസിനും സുനിതയ്ക്കും മൃഗസംരക്ഷണ പുരസ്‌കാരം

Wednesday 15 March 2023 12:22 AM IST
സജീഷ്, സുനിത, മാത്യൂസ് വർഗീസ് എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് പുരസ്കാരം നൽകുന്നു

വിജയം കൊയ്ത് യുവജനങ്ങൾ

തൃശൂർ: ജില്ലയിലെ മികച്ച ക്ഷീരകർഷകനായി കെ.എസ്. സജീഷിനെയും (2021- 22) മികച്ച സമ്മിശ്ര കർഷകനായി മാത്യൂസ് വർഗീസിനെയും മികച്ച മൃഗക്ഷേമ പ്രവർത്തകയായി എം.എസ്. സുനിതയെയും തെരഞ്ഞെടുത്തു. ജില്ലാതല കർഷക അവാർഡിന് ചെറുപ്പക്കാരും സ്ത്രീകളും അർഹരാകുന്നത് അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു.

മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ വരുമ്പോൾ സർക്കാർ നൽകുന്ന നഷ്ടപരിഹാരം, കാലിത്തീറ്റ വിലവർദ്ധനവിൽ സർക്കാർ നടത്തുന്ന ഇടപെടൽ തുടങ്ങിയവ കൃഷിയിലിറങ്ങാൻ യുവജനങ്ങളെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നുെന്നും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ അദ്ധ്യക്ഷയായി. കാലിത്തീറ്റ വിലവർദ്ധന സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ പദ്ധതിയിനത്തിൽ തുക വകയിരിത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ.ജി. സുരജ പദ്ധതി വിശദീകരിച്ചു.

എം.ബി.എക്കാരൻ ക്ഷീരകർഷകൻ

മികച്ച ക്ഷീരകർഷനായ സജീഷ് എം.ബി.എക്കാരനാണ്. വെങ്ങിണിശ്ശേരിയിൽ ഏഴേക്കറിലാണ് ഫാം. അമ്പതോളം വിവിധയിനം കറവപ്പശുക്കളെയും കിടാരികളെയും പോത്ത്, കോഴി, താറാവ് എന്നിവയെയും വളർത്തുന്നു. നെയ്യ്, തൈര്, മോര് എന്നിവയുടെ വിൽപ്പനയുമുണ്ട്. അഞ്ച് കുടുംബങ്ങൾക്ക് ജീവിതമാർഗവുമാണ് സജീഷന്റെ ഫാം. ഏകദേശം ഒന്നര ലക്ഷമാണ് പ്രതിമാസ ലാഭം.

ബി.ആർക്ക് മാത്യു

മികച്ച സമ്മിശ്ര കർഷകനായ തൃക്കൂർ സ്വദേശി മാത്യൂസ് വർഗീസ് 2020ലാണ് ആറേക്കറിൽ ഫാം ആരംഭിച്ചത്. 15 കറവപ്പശുക്കളും 25 ആടും 300 കോഴികളുമുണ്ട്. പ്രതിമാസം ഒന്നര ലക്ഷം വരുമാനം. ബി.ആർക്ക് ബിരുദധാരിയാണ് മാത്യൂസ് വർഗീസ്.

തെരുവിലെ മൃഗങ്ങളെ പരിചരിച്ച് സുനിത തളിക്കുളം സ്വദേശി എം.എസ്. സുനിത മികച്ച മൃഗക്ഷേമപ്രവർത്തകയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 8 വർഷമായി തെരുവുമൃഗങ്ങളെ സംരക്ഷിക്കുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതും വഴിയിൽ ഉപേക്ഷിച്ചതുമായ നായ്ക്കൾ, പൂച്ചകൾ എന്നിവയെ സംരക്ഷിക്കുകയും ചികിത്സാസൗകര്യം ഒരുക്കുകയും ചെയ്യുന്നു. കൊവിഡ് കാലത്ത് തെരുവുനായകൾക്ക് ഭക്ഷണം കൊടുത്തു. മൃഗാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്. സുനിതയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭർത്താവ് സിന്റോയും മൃഗക്ഷേമ പ്രവർത്തക സാലി വർമയുമുണ്ട്.