പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊന്നു, മകൻ കുറ്റക്കാരനെന്ന് കോടതി

Wednesday 15 March 2023 1:02 AM IST

ഇരിങ്ങാലക്കുട: വർഷങ്ങൾക്ക് മുമ്പ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുധൻ എന്നയാളെ ചെങ്ങാല്ലൂർ കള്ളുഷാപ്പിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വരന്തരപ്പിള്ളി വില്ലേജ് കരയാംപാടം ദേശം കീടായി വീട്ടിൽ രതീഷ് എന്ന കീടായി രതീഷിനെ(42) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കെണ്ടത്തി. 2020 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അച്ഛനായ കീടായി രവീന്ദ്രനെ 1992 ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന മഞ്ചേരി വീട്ടിൽ രാഘവൻ മകൻ സുധനെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്. സുധനോടുള്ള വൈരാഗ്യത്താൽ പ്രതി അന്നേ ദിവസം വൈകിട്ട് 5.45 ഓടെ ചെങ്ങാല്ലൂർ കള്ളു ഷാപ്പിൽ വച്ച് കുത്തി പരിക്കേൽപിക്കുകയായിരുന്നു. സുധൻ സംഭവ സ്ഥലത്ത് വച്ച് മരണപ്പെട്ടു. കേസിൽ ശിക്ഷ വിധിക്കുന്നതിനായി കേസ് 17 ലേക്ക് മാറ്റിവച്ചു. പുതുക്കാട് ഇൻസ്‌പെക്ടറായിരുന്ന ടി.എൻ. ഉണ്ണിക്കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കകയും 46 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, യാക്കൂബ് സുൽഫിക്കർ, മുസഫർ അഹമ്മദ് എന്നിവർ ഹാജരായി.