യുവാവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Wednesday 15 March 2023 2:03 AM IST

മലയിൻകീഴ് : പനയംകോട് വാളക്കോട് സ്വദേശി ഷൈജുവി(34)നെ മലപ്പനംകോട് ഭാഗത്തുവച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിളപ്പിൽ കുണ്ടാമുഴി കുളച്ചികോട് രാജ് ഭവനിൽ എം.ജോഷി മോഹനൻ (34) ആണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 9ന് വൈകിട്ട് 4നായിരുന്നു സംഭവം. ആക്രമണത്തിൽ ഷൈജുവിന്റെ വരിയെല്ല് ഇളകി പോകുകയും ഇടത് കൈയിലെ ചെറുവിരലിന് പൊട്ടലുമുണ്ടായി. ഈ കേസിലെ മറ്റൊരു പ്രതിയുടെ പിതാവിനോട് ഷൈജു വഴക്കുണ്ടാക്കിയതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മലപ്പനംകോട് വച്ച് ഷൈജുവിനെ തടഞ്ഞ് നിറുത്തി ഇരുമ്പ് കമ്പിക്ക് ആക്രമിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് തെരച്ചിൽ വ്യാപകമാക്കിയിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ് ,ബൈജു ആർ.വി,സി.പി.ഒ.അജിത്ത്,സതീശൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

അറസ്റ്റിലായ എം.ജോഷി മോഹനൻ(34)