പഞ്ചായത്ത് ഇടഞ്ഞു,​ വടവാതൂരെ മാലിന്യനീക്കം ത്രിശങ്കുവിൽ

Tuesday 14 March 2023 9:14 PM IST

കോട്ടയം : ബ്രഹ്മപുരം മാലിന്യം പരിഭ്രാന്തി പരത്തുന്നതിനിടെ കോട്ടയം നഗരസഭയുടെ വടവാതൂരിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് യന്ത്രങ്ങൾ സ്ഥാപിക്കാൻ കമ്പനിയെത്തിയെങ്കിലും വിജയപുരം പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയിൽ മാലിന്യനീക്കം അനിശ്ചിതത്വത്തിലായി. ന​ഗരസഭയുടെ ഡംപിംഗ് യാർഡ് പ്രവർത്തിക്കുന്നത് വിജയപുരം പഞ്ചായത്തിലാണ്. പഞ്ചാത്തിന്റെ അനുമതിയില്ലാതെയാണ് യന്ത്രങ്ങളുടെ സ്ഥാപിക്കലും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളുമെന്നാരോപിച്ചാണ് പഞ്ചായത്ത് ഇടഞ്ഞത്. 66 ലക്ഷം രൂപയ്ക്ക് കരാറെടുത്ത കോഴിക്കോട് ആസ്ഥാനമായ എം സി കെ കുട്ടി എൻജിനിയറിം​ഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്ലാ​ന്റിൽ സംസ്കരണ യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയത്. ന​ഗരസഭ ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡ​ന്റ് വി.ടി.സോമൻകുട്ടിയും പഞ്ചായത്ത് അം​ഗങ്ങളും പ്ലാ​ന്റിലെത്തി പ്രവർത്തനങ്ങൾ തടഞ്ഞു. പ്ലാ​ന്റിനെ ചൊല്ലി ഹൈക്കോടതിയിൽ കേസ് തുടരുന്നതിനിടെയുള്ള നടപടി തെറ്റാണെന്നും അവർ പറഞ്ഞു.

നീക്കുക 8500 ക്യുബിക് മീറ്റർ മാലിന്യം വടവാതൂരിലെ കേന്ദ്രം തുടങ്ങിയിട്ട് എഴുപത് വർഷത്തിലേറെയായി. മാലിന്യം തള്ളൽ ഇപ്പോൾ നടക്കുന്നില്ലെങ്കിലും മാലിന്യമല മണ്ണുമൂടികിടക്കുകയാണ്. പ്ലാ​സ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൂടിച്ചേർന്നാണ് കിടക്കുന്നത്. 8500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്യാനാണ് തീരുമാനം. വേനലിൽ സ്ഥിരം തീപിടിത്തമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എട്ട് ഏക്കറുള്ള കേന്ദ്രത്തിന് സമീപമാണ് ശാന്ത്രി​ഗ്രാം കോളനി. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2013 ലാണ് പ്ലാ​ന്റ് പൂട്ടിയത്. എന്നാൽ മാലിന്യം നീക്കിയിരുന്നില്ല.

സംസ്കരണം ഇങ്ങനെ കമ്പനി കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത ജോലി

ബയോ മൈനിംഗ് ട്രൊമ്മൽ ഉപയോ​ഗിച്ച് മാലിന്യം നീക്കം

പ്ലാ​സ്റ്റിക്, മെറ്റൽ എന്നിങ്ങനെ 12 ഇനങ്ങളായി തരം തിരിക്കും

 റീസൈക്കിൾ ചെയ്യാവുന്നവ ഒഴികെ പ്രത്യേക പ്ലാ​ന്റുകളിൽ സംസ്കരിക്കും

 പ്ളാസ്റ്റിക് ത്രിച്ചിയിലെ പ്ലാ​ന്റിലെത്തിച്ച് സംസ്കരിക്കും

മാലിന്യനീക്കത്തോട് എതിർപ്പില്ല, എന്നാൽ പഞ്ചായത്തിനെ അറിയിക്കാതെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. കാടുതെളിച്ചപ്പോൾ ദുർ​ഗന്ധമുണ്ടായി. യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തി​ന്റെ അനുമതി വാങ്ങണം.

- വി.ടി. സോമൻകുട്ടി,​ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്