യൂസഫലി ലോകശ്രദ്ധയിൽ നിൽക്കുന്ന മലയാളി; സ്വർണക്കടത്ത് സംബന്ധിച്ച വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് ഇ പി

Tuesday 14 March 2023 9:17 PM IST

കണ്ണൂർ: പ്രമുഖ വ്യവസായിയായ എം എ യൂസഫലിയെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണക്കടത്ത് കേസിൽ യൂസഫലിയ്ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂസഫലി ആഗോള തലത്തിൽ അറിയപ്പെടുന്ന വ്യാപാര ശൃംഖലയുടെ തലവനാണെന്നും മലയാളികൾക്ക് കേരളത്തിനകത്തും വിദേശത്തും ജോലി നൽകുന്ന സംരംഭകനാണെന്നും ഇ പി ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ ലോകശ്രദ്ധയിൽ നിൽക്കുന്ന വ്യക്തികളെ പൊതു സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം നേതാവ് ആരോപിച്ചു. നിലവിൽ യൂസഫലിയുടെ പേര് വലിച്ചിഴയ്ക്കേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രീയ രംഗത്ത് വിരോധവും വിദ്വേഷവും പകയും ശത്രുതയും വെച്ച് എന്തും പറയാം എന്തും ആരോപിക്കാം എന്ന പ്രവണതയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യു എ ഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളിൽ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം.

അതേസമയം തനിക്കെതിരെ സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബത്തെ അടക്കം ചിലർ അപമാനിക്കുന്നുണ്ടെന്നും നിയമപരമായി നേരിടേണ്ടതാണെങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കൊള്ളുമെന്നും ആരോപണങ്ങൾ ഉയർന്നെന്ന് കരുതി ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് പിന്തിരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം തന്നെയും ലുലുവിനെയും ബാധിക്കില്ലെന്ന് യൂസഫലി വ്യക്തമാക്കി. ഇ ഡ‌ി നോട്ടീസ് സംബന്ധിച്ച കാര്യങ്ങൾ ആ വാർത്ത നൽകിയവരോട് ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement