കേൾക്കണം ഈ കർഷകനെ 'ഈ കാട്ടുപോത്തുകളെ കൊണ്ട് തോറ്റല്ലോ"

Tuesday 14 March 2023 9:40 PM IST

പേരാവൂർ : കഴിഞ്ഞ വർഷം മാർച്ച് ആറിന് പുത്തലത്താൻ ഗോവിന്ദൻ കൊല്ലപ്പെട്ടതിന് ശേഷവും കോളയാട് പഞ്ചായത്തിലെ കൊമ്മേരി മേഖലയിൽ കാട്ടുപോത്തുകളുടെ ഭീഷണി നിലയ്ക്കുന്നില്ല. ശല്യമകറ്റാൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്ത അവസ്ഥയിൽ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ നാട്ടുകാർ ഭയക്കുകയാണ്.

കൊമ്മേരിയിലെ ചിറ്റേത്ത് ജോൺ ചാക്കോയുടെ ഇരുന്നൂറോളം നേന്ത്രവാഴകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. 50 ദിവസം പ്രായമായ നേന്ത്രവാഴത്തൈകൾ അപ്പാടെ ഇവ തിന്നു . രാത്രി വൈകുവോളം ജീവൻ പണയംവച്ച് കാവലിരുന്നാണ് ഇത്രയും കാലം ഇവർ കൃഷിയെ സംരക്ഷിച്ചത്. കർഷകർ കൃഷിയിടത്തിൽ നിന്നും മാറുന്നതോടെ കാട്ടുപോത്ത് കൂട്ടം കൃഷിയിടത്തിലെത്തി വിഹരിക്കുകയാണ്.

ജോൺ ചാക്കോയ്ക്ക് കൃഷി നാശം ആദ്യാനുഭവമല്ല. ഉരുൾപൊട്ടലുണ്ടായ 2022 ആഗസ്റ്റ് ഒന്നിന് മലവെള്ളപ്പാച്ചിലിൽ ആയിരത്തിലധികം നേന്ത്രവാഴകളാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ഇതിന് നാളിതുവരെയായി ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തങ്ങളെ പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നാണ് ഈ കർഷകൻ വേദനയോടെ ചോദിക്കുന്നത്.

ഭീതി പരത്തി കാട്ടാനകളും ഉൾപ്പെടെയുള്ള വന്യമൃഗശല്യം പരിഹരിക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ജോൺ ചാക്കോ പറയുന്നത്. വന്യമൃഗശല്യം മൂലം നെൽക്കൃഷി ഉപേക്ഷിച്ചു.ഇതിന് ശേഷമാണ് ഇപ്പോൾ നേന്ത്രവാഴ കൃഷി തുടങ്ങിയത്. നേന്ത്രവാഴയ്ക്കൊപ്പം ഇടവിളകളും പരീക്ഷിച്ചാണ് ഉപജീവനം കഴിക്കുന്നത്. ആയിരം നേന്ത്രവാഴകളാണ് ഇക്കുറി ഇദ്ദേഹം കൃഷി ചെയ്തത്. കൃഷി ഭൂമിയ്ക്ക് കുറച്ച് അകലെയായി കാട്ടാനകൾ തമ്പടിച്ചതും ഈ കർഷകന്റെ ആധി കൂട്ടുന്നു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചാൽ മാത്രമെ തങ്ങൾക്ക് രക്ഷയുള്ളുവെന്നാണ് ഇദ്ദേഹത്തിന്റെ പരിദേവനം.