പഠനോത്സവം സംഘടിപ്പിച്ചു

Tuesday 14 March 2023 10:11 PM IST

ചെറുവത്തൂർ: നിശ്ചിത പോയന്റിൽ ഷൂട്ട് ചെയ്തും ലക്ഷ്യം കണ്ടെത്താൻ റിംഗ് എറിഞ്ഞുമുള്ള കളികളിൽ മക്കളോടൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നപ്പോൾ പഠനോത്സവം മികവോത്സവമായി മാറി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ. എൽ.പി.സ്കൂളിലാണ് കഴിഞ്ഞ ഒരു വർഷക്കാലം നേടിയ നേരറിവുകൾ രക്ഷിതാക്കളുമായി പങ്കുവെക്കാനായി പഠനോത്സവം സംഘടിപ്പിച്ചത്. ഉടമസ്ഥനില്ലാത്ത സത്യക്കടയും റിംഗ് എറിഞ്ഞും ഷൂട്ട് ചെയ്തും സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങളും ഒരുക്കിയപ്പോൾ രക്ഷിതാക്കളും അക്ഷരാർത്ഥത്തിൽ കുട്ടികളായി.പാഠ ഭാഗത്തിനപ്പുറത്ത് നേടിയ സർഗ കഴിവുകളാണ് കുട്ടികൾ രക്ഷിതാക്കൾക്ക് മുന്നിൽ പങ്കുവെച്ചത്. ഗണിത രസം, പരീക്ഷണ മാജിക്ക്, ലഘു നാടകം, ഇംഗ്ലീഷ് മധുരം, ടീ ടോക്ക് എന്നിവയെല്ലാം കാഴ്ചക്കാരിൽ ആവേശമുണർത്തി.പ്രധാനാദ്ധ്യാപിക സി എം.മീനാകുമാരി പഠനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.എം.അജിത്കുമാർ, മദർ പി.ടി.എ പ്രസിഡന്റ് രമ്യ രാജു, സീനിയർ അസിസ്റ്റന്റ് കെ.ആർ.ഹേമലത, ബാലചന്ദ്രൻ എരവിൽ, വിനയൻ പിലിക്കോട് എന്നിവർ സംസാരിച്ചു.