അവസാനനിമിഷം പരീക്ഷാസെന്റർ മാറ്റി വിദ്യാർത്ഥികളെ ചതിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി

Tuesday 14 March 2023 10:30 PM IST

അവസരം നഷ്ടമായത് ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക്

കണ്ണൂർ: അവസാനനിമിഷം പരീക്ഷാകേന്ദ്രം മാറ്റിയതറിയാതെ പഴയ സെന്ററിലെത്തിയ നിരവധി വിദ്യാർത്ഥികൾക്ക് അവസരം നഷ്ടമായി. ഇന്നലെ നടന്ന കണ്ണൂർ സർവ്വകലാശാല ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ സെന്ററായ മയ്യിൽ ഐ.ടി.എമ്മിൽ എത്തിയപ്പോഴാണ് കേന്ദ്രം തളിപ്പറമ്പ് സർ സയ്യിദ് കോളേജിലേക്ക് മാറ്റി അധികൃതർ ചതിച്ചത്.

ഒരു മണിക്ക് ശേഷം പാവന്നൂർ മൊട്ടയിലുള്ള മയ്യിൽ ഐ.ടി.എം കോളേജിൽ എത്തിയപ്പോഴാണ് സെന്റർ മാറ്റിയ വിവരം പലരും അറിഞ്ഞത്. വാഹന സൗകര്യമില്ലാത്ത ഇവിടെ നിന്ന് 20 കിലോമീറ്ററോളം ചുറ്റി സർ സയ്യിദ് കോളേജിലേക്ക് എത്തിച്ചേരാൻ വഴിയില്ലാതെ വിദ്യാർത്ഥികൾ കുടുങ്ങുകയായിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റിയതിനെ കുറിച്ച് യൂണിവേഴ്സിറ്റി അധികൃതരുമായി സംസാരിച്ചപ്പോൾ അറിയിപ്പ് നൽകാൻ കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. പത്രക്കുറിപ്പോ മറ്റ് അറിയിപ്പുകളോ ഇല്ലാതെ പരീക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് പരീക്ഷാ കേന്ദ്രം മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.