കല്ലിയൂരിലെ മഞ്ഞൾ ഇനി ഓൺ ലൈനിൽ

Wednesday 15 March 2023 1:37 AM IST

വിഴിഞ്ഞം: കല്ലിയൂരിലെ മഞ്ഞൾ ഇനി ഓൺ ലൈൻ വില്പനയിലൂടെ ഉപാഭോക്താക്കൾക്കടുത്തേക്ക് എത്തും. കല്ലിയൂർ ഗ്രീൻസ് എന്ന പേരിൽ മഞ്ഞൾപ്പൊടി ഉൾപ്പെടെയുള്ള വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഓൺലൈൻ മുഖാന്തരം വിപണനം നടത്താൻ തയ്യാറാവുന്നു. ഇതിൽ അരിയുടെ വിവിധ ഉത്പന്നങ്ങൾ പാൽ, പച്ചക്കറി ഉത്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ബെന്നിയെന്ന കർഷകന്റെ നേതൃത്വത്തിലുള്ള കൃഷിക്കൂട്ടം വിളയിച്ച മഞ്ഞളിന്റെ വിളവെടുപ്പ് നടത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും സംസ്ഥാന കൃഷിവകുപ്പ് പദ്ധതികളിലൂടെയും കൃഷിഭവൻ മുഖേന സഹായങ്ങൾ ലഭ്യമാക്കി. ഒപ്പം തന്നെ ഭക്ഷ്യസുരക്ഷ ഭക്ഷ്യ സ്വയം പര്യാപ്തത എന്നീ ലക്ഷ്യത്തിലേക്ക് എന്നതും ഇവിടെ നടപ്പിലാക്കുന്നു.

 മികച്ച വിളയുമായി മഞ്ഞൾ

ഒരു ഏക്കർ സ്ഥലത്ത് തെങ്ങിൻ തോപ്പിൽ ഇടവിളയായിട്ടാണ് പ്രതിഭ എന്ന ഇനത്തിൽപ്പെട്ട മഞ്ഞൾ കൃഷി ചെയ്തത്. 3000 കിലോഗ്രാം മഞ്ഞൾ വിളവെടുത്തുവെന്ന് കൃഷി ഓഫീസർ സ്വപ്ന പറഞ്ഞു. മഞ്ഞൾ സംസ്കരിച്ച് പൊടിയാക്കിയാണ് വില്പന. പൂർണ്ണമായും ജൈവമാർഗ്ഗങ്ങൾ അവലംബിച്ചതിനാൽ വിപണിയിൽ കിലോഗ്രാമിന് 400 രൂപവരെ ലഭിച്ചു. പഞ്ചായത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 5 ഹെക്ടർ സ്ഥലം ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുന്നതിന് ആവശ്യമായ മഞ്ഞൾ വിത്തും കൃഷിഭവൻ എക്കോ ഷോപ്പ് വഴി ഈ കൃഷിക്കൂട്ടത്തിന്റെ പക്കൽ നിന്ന് സംഭരിക്കും. മഞ്ഞൾ കൃഷിയിലൂടെ ഇവർക്ക് മികച്ച വരുമാനം ലഭിക്കാൻ സാധിച്ചു

കല്ലിയൂർ ഗ്രീൻസ് എന്ന ബ്രാൻഡിൽ കട്ടുചെയ്ത വെജിറ്റബിൾസ് നഗരത്തിൽ എത്തിച്ചു നൽകുകയാണ്. ഓൺലൈൻ വഴി ടെക്നോപാർക്ക് ജീവനക്കാരാണ് കൂടുതലും ആവശ്യക്കാർ. അവിയൽ, സാമ്പാർ, തോരൻ എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ.

Advertisement
Advertisement