കാറ്റാടിമുക്കിൽ ഓടുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, ഒഴിവായത് വൻ ദുരന്തം

Wednesday 15 March 2023 7:06 AM IST

ചിറയിൻകീഴ്: ഓട്ടത്തിനിടെ തീപിടിച്ച കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരെ ഉടൻ പുറത്തിറക്കിതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം. അപടത്തിൽ ബസ് പൂർണമായും കത്തിയമർന്നു. ചിറയിൻകീഴ് - കഴക്കൂട്ടം പാതയിൽ പെരുങ്ങുഴി കാറ്റാടിമുക്ക് ജംഗ്ഷനിൽ ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം.

39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ആറ്റിങ്ങൽ ഡിപ്പോയിലെ കെ.എൽ പതിനഞ്ച് 9582 നമ്പരിലുള്ള ബസാണ് അഗ്നിക്കിരയായത്. സ്റ്റോപ്പിൽ നിറുത്തിയപ്പോഴാണ് ബസിനടിയിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിൽ തീ ആളിപ്പടർന്നത്. അര മണിക്കൂർ കത്തി. ഇതിനിടെ തീയണയ്‌ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് ആറ്റിങ്ങൽ, വർക്കല ഫയർ ഫോഴ്സുകളിലെ യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

തീച്ചൂടിൽ കേബിൾ വയറുകൾ കത്തിനശിച്ചു. സമീപത്തെ കടയിലെ കവറുകളും ഫ്ലക്സ് ബോർഡും അഗ്നിക്കിരയായി. എന്നാൽ സമീപത്തെ വൈദ്യുതി ലൈനിലടക്കം തീ ആളിപ്പടരാത്തത് ആശ്വാസമായി.

 കാരണം ഷോർട്ട് സർക്യൂട്ട് ?

ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിലെ സീറ്റുകൾ കത്തിയമർന്നു. ഗ്ലാസുകൾ തകർന്നു. ടയറ് പഞ്ചറായി. കാറ്റാടിമുക്ക് എത്തും മുമ്പ് തന്നെ ബസിൽ നിന്ന് പുക വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും ഡ്രൈവർ അറിഞ്ഞില്ല. ചിറയിൻകീഴ് വലിയകട ജംഗ്ഷൻ കഴിഞ്ഞയുടൻ ക്ലച്ച് കരിഞ്ഞതു പോലുള്ള ഗന്ധമുണ്ടായിരുന്നെന്ന് യാത്രക്കാരൻ കേരള കൗമുദിയോട് വെളിപ്പെടുത്തി. സംഭവത്തെ തുടർന്ന് ചിറയിൻകീഴ് - പെരുങ്ങുഴി റൂട്ടിൽ മുക്കാൽ മണിക്കൂർ ഗതാഗത തടസമുണ്ടായി. ബസ് ആറ്റിങ്ങൽ ഗ്യാരേജിലേക്ക് മാറ്റി. ബസിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്നും പറയപ്പെടുന്നു.

Advertisement
Advertisement