ഫയർഫോഴ്‌സിനെ അഭിനന്ദിച്ച് കോടതി

Wednesday 15 March 2023 12:13 AM IST

കൊച്ചി: ബ്രഹ്മപുരത്തെ തീ കെടുത്താൻ അഹോരാത്രം പ്രയത്നിച്ച ഫയർ ഫോഴ്‌സിനെ ഹൈക്കോടതി അഭിനന്ദിച്ചു. തീ നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരികയോ സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്ന സാഹചര്യമോ ഉണ്ടായെങ്കിൽ സങ്കല്പിക്കാനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാവുമായിരുന്നു. രാപകൽ ഭേദമില്ലാതെ ഭഗീരഥ പ്രയത്നം നടത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കുള്ള കോടതിയുടെ അഭിനന്ദനം കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ഇവരെ അറിയിക്കണം. സർക്കാരിൽ നിന്ന് ഈ മുന്നണിപ്പോരാളികൾക്ക് ഉചിതമായ പാരിതോഷികം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

വിഷപ്പുക ഒഴിഞ്ഞെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണം തുടരാനാണ് അഗ്നിരക്ഷാസേനയുടെ തീരുമാനം.

നിലവിൽ 15 ഫയർടെൻഡർ യൂണിറ്റുകളും 100 അഗ്നിരക്ഷാ ഉദ്യോഗസ്ഥരുമാണ് ബ്രഹ്മപുരത്തുള്ളത്. ഇവരെ സഹായിക്കാൻ 75 സിവിൽ ഡിഫൻസ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ച യൂണിറ്റുകളെയും ഉദ്യോഗസ്ഥരെയും അടുത്ത ദിവസം മടക്കി അയയ്ക്കും. അടിയന്തര സാഹചര്യമുണ്ടായാൽ ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ജീവനക്കാരെ വിന്യസിച്ചിട്ടുള്ളത്. പത്തോളം എക്സ്‌കവേറ്ററുകളും ബ്രഹ്മപുരത്ത് സജ്ജമാക്കി നി‌ർത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഓഫീസർ കെ. ഹരികുമാർ, തൃക്കാക്കര അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം തുടരുന്നത്.