മറുപടി പറയാതെ മുഖ്യമന്ത്രി  ഒഴിഞ്ഞുമാറുന്നു: സതീശൻ 

Wednesday 15 March 2023 12:22 AM IST

തിരുവനന്തപുരം: കൊച്ചി നഗരസഭയിൽ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നടത്തിയ ക്രൂരമായ മർദ്ദനം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാത്തത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയത് മുതൽ പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. സ്ത്രീകളുൾപ്പെടെയുള്ളവർക്കെതിരെ ക്രൂര മർദ്ദനമുണ്ടായിട്ടും അത് പരിഗണിക്കാതിരിക്കുന്നത് നിയമസഭാചരിത്രത്തിലാദ്യമാണ്. കൗൺസിലർമാരുടെ തല പൊട്ടിക്കുകയും കൈയും കാലും അടിച്ചൊടിക്കുകയും ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ മർദ്ദിക്കുകയും ചെയ്തു. യു.ഡി.എഫ് കൗൺസിലർമാരെ പങ്കെടുപ്പിക്കാതെയാണ് കൗൺസിൽ യോഗം നടന്നത്. മുന്നൂറോളം പൊലീസുകാരുടെ അകമ്പടിയിലെത്തിയാണ് മേയർ തേർവാഴ്ച നടത്തിയത്.

കൊച്ചി നഗരസഭ നൽകിയ 16 കോടി രൂപയുടെ ടെൻഡർ റദ്ദാക്കിയാണ് ചട്ടവിരുദ്ധമായി സർക്കാർ 54 കോടിയുടെ പദ്ധതിക്ക് അനുമതി നൽകിയത്. സി.പി.എം നേതാവിന്റെ മരുമകനുവേണ്ടിയാണ് 16 കോടിക്ക് തീരേണ്ട പദ്ധതി 54 കോടിയാക്കി മാറ്റിയത്. മാലിന്യം അളന്ന് തിട്ടപ്പെടുത്തേണ്ടത് നഗരസഭയാണെന്ന വ്യവസ്ഥ മാറ്റി കരാറുകാരൻ തീരുമാനിക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു.പണം നൽകിയിട്ടും കരാറുകാരൻ കബളിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് കൊല്ലം, കണ്ണൂർ നഗരസഭകൾ ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്.

Advertisement
Advertisement