ഗോപിനാഥൻ ഒരാഴ്ച കസ്റ്റഡിയിൽ സമ്പത്ത് കണ്ടെത്താൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പിലെ പ്രധാന പ്രതിയും സംഘം മുൻ പ്രസിഡന്റുമായ ഗൗരീശപട്ടം സ്വദേശി എ.ആർ.ഗോപിനാഥനെ (73) 22വരെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഗോപിനാഥനെ ചൊവ്വാഴ്ച പകലും രാത്രിയുമായി ക്രൈംബ്രാഞ്ച് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. തട്ടിപ്പിന്റെ തുടക്കത്തിൽ പണം വകമാറ്റിയത് മുതലുള്ള വിവരങ്ങൾ ഇയാളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. നഗരത്തിലും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ ഗോപിനാഥൻ സ്വന്തം പേരിലും ബിനാമി പേരുകളിലും വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ വിവരങ്ങൾ അന്വേഷണസംഘം ഇയാളിൽ നിന്ന് ശേഖരിച്ചുവരികയാണ്. വസ്തുക്കൾ വാങ്ങിയ സ്ഥലങ്ങളും അവയുടെ സർവേ നമ്പരുൾപ്പെടെയുള്ള വിവരങ്ങളും മനസിലാക്കിയ സംഘം വസ്തുക്കളുടെ പ്രമാണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവ കോടതി സഹായത്തോടെ ജപ്തി ചെയ്യുന്നതിന്റെ ഭാഗമായാണിത്. നിക്ഷേപതട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് വാങ്ങിയ വസ്തുവകകൾ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ ആസൂത്രണവും രീതിയുമുൾപ്പെടെയുളള കാര്യങ്ങൾ ചോദിച്ചറിയാനുമാണ് ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. 1255 നിക്ഷേപകരുടെ 44.15 കോടി തിരിമറി നടത്തിയെന്നാണ് കേസ്. കേരളത്തിന് പുറത്തും വൻതോതിൽ നിക്ഷേപമുള്ളതായാണ് വിവരം.