സ്കൂട്ടറിൽ കഞ്ചാവുമായെത്തിയ രണ്ടംഗസംഘം പിടിയിൽ

Wednesday 15 March 2023 12:28 AM IST

ചാരുംമൂട് : ജി​ല്ലയി​ലെ ലഹരി​ സംഘത്തി​ലെ പ്രധാനി​യും കൂട്ടാളി​യും രണ്ട് കി​ലോഗ്രാം കഞ്ചാവുമായി​ പൊലീസി​ന്റെ പി​ടി​യി​ലായി​നൂറനാട് പുതുപ്പള്ളി കുന്നം ഖാൻ മൻസി​ലിൽ ഷൈജുഖാൻ (40), ശൂരനാട് വടക്ക് കുഞ്ഞാറ്റുംമുറിയിൽ സജിഭവനം ഗോപകുമാർ (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴി​ഞ്ഞ ദി​വസം വൈകി​ട്ട് ആറുണിയോടെ വാഹന പരി​ശോധനക്കിടെ സ്കൂട്ടറി​ൽ എത്തി​യ ഷൈജുഖാനും ഗോപകുമാറും രക്ഷപ്പെടാൻ ശ്രമി​ച്ചെങ്കി​ലും പൊലീസ് ഓടി​ച്ചി​ട്ട് സാഹസി​കമായി​ പി​ടുകൂടുകയായി​രുന്നു. സ്കൂട്ടറും കസ്റ്റഡി​യിലെടുത്തു.മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയി​ൽ ഹാജരാക്കിയ പ്രതി​കളെ റിമാൻഡ് ചെയ്തു. സി.ഐ പി.ശ്രീജിത്ത്‌ , എസ്.ഐമാരായ നിതീഷ്, ബാബുക്കുട്ടൻ,രാജീവ്‌, പുഷ്പൻ, സി.പി.ഒമാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഗുണ്ടാആക്രമണകേസുകളി​ലും പ്രതി​യാണ് ഷൈജുഖാനെന്ന് പൊലീസ് പറഞ്ഞു. 2020ൽ ശൂരനാട് സ്വദേശി​യായ യുവാവിനെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദി​ച്ച് പണം തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഷൈജുഖാൻ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ ആഴ്ച തോറും ഒപ്പിട്ടു വരവേയാണ് കഞ്ചാവുമായി പിടിയിലായത്. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും ഇയാൾ കഞ്ചാവ് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു.

നാല് ദോശ, ചമ്മന്തി​ , കഞ്ചാവ് 500 രൂപ !

കുറച്ചുനാൾ മുമ്പ് വരെ ചാരുംമൂട്ടി​ൽ കനാലിന്റെ പുറമ്പോക്കിൽ നടത്തി​യി​രുന്ന തട്ടുകടയുടെ മറവി​ലാണ് ഷൈജുഖാൻ കഞ്ചാവ് വി​റ്റി​രുന്നത്. ഈ തട്ടുകടയിൽ ചിലർക്ക് നൽകിയിരുന്ന നാല് ദോശയും ചമ്മന്തിയും സാമ്പാറും അടങ്ങിയ പാഴ്സലിന് 500 രൂപയായിരുന്നു വില ! കഞ്ചാവ് ആവശ്യമുള്ളവർക്കാണ് ഈ പാഴ്സൽ. കടയിൽ നിന്നും വാങ്ങുന്ന പാഴ്സലിൽ ദോശയും ചമ്മന്തിയും സാമ്പാറുമേ ഉണ്ടാവുകയുള്ളൂ. ബാക്കി തുകയ്ക്കുള്ള കഞ്ചാവ് മറ്റൊരു സ്ഥലത്ത് വച്ച് നൽകും. അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇവിടെ നിന്ന് കഞ്ചാവ് വാങ്ങിയ ഒരാളെ മാവേലിക്കര എക്സൈസ് അറസ്റ്റ് ചെയ്തതോടെ ഷൈജുഖാനെയും പ്രതി ചേർത്തു. പിന്നീട് പഞ്ചായത്ത് അധികൃതർ പൊലീസിന്റെയും എക്സൈസിന്റെയും സഹായത്തോടെ ഈ തട്ടുകട പൊളിച്ചു മാറ്റി.

ഐസ്ക്രീമിന്റെ മറവിലും കഞ്ചാവ് കച്ചവടം

തട്ടുകട വഴിയുള്ള കഞ്ചാവ് കച്ചവടം നിലച്ചതിനെ തുടർന്ന് മറ്റു മാർഗങ്ങൾ തേടുന്നതിനിടെയാണ് ക്ഷേത്ര പരിസരങ്ങളിൽ ഐസ്ക്രീം കച്ചവടം നടത്തുന്ന ഗോപകുമാറിനെ ഷൈജുഖാൻ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും ചേർന്ന് ഉത്സവപ്പറമ്പുകളിൽ ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവും വിൽക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഭാഗത്തുള്ള അമ്പലങ്ങളിൽ വില്പനക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്.

രണ്ട് മണിക്കൂറിൽ 270 കോളുകൾ

ഷൈജുഖാൻ പിടിയിലായ വൈകിട്ട് 6 മണിക്കും രാത്രി 8നും ഇടയിൽ 270 ഓളം ഫോൺ കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നത്. "ഇക്കാ 500 ന്റെ ഒരു പായ്ക്ക് "എന്നാണ് എല്ലാ കോളുകളിലും പറഞ്ഞിരുന്നത്. വിളിച്ചതിൽ സ്ത്രീകളും കുട്ടികളും യുവാക്കളും പ്രായമായവരും ഉണ്ടായിരുന്നു. ഈ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ ഇയാളുടെ ഫോണിലേക്ക് വന്ന കോളുകൾ ഒരു ലക്ഷത്തിലേറെ രൂപയുടെ കച്ചവടത്തിനുള്ളതായിരുന്നെന്ന് പൊലീസ് പറഞ്ഞു.