ബ്രഹ്മപുരം: ജനങ്ങളോട് സർക്കാർ കരുണ കാണിക്കണമെന്ന് മേധ പട്കർ
Wednesday 15 March 2023 12:35 AM IST
തൃശൂർ: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തിൽ സർക്കാർ ജനങ്ങളോട് കരുണ കാണിക്കണമെന്ന് മേധ പട്കർ. വിഷപ്പുക മലിനീകരണപ്രശ്‌നമുണ്ടാക്കും. രോഗങ്ങൾക്കും കാരണമാകുമെന്നും മേധ പറഞ്ഞു.
അശാസ്ത്രീയവും ആസൂത്രിതരാഹിത്യവും നിറഞ്ഞ കേന്ദ്രീകൃത മാലിന്യസംസ്‌കരണം അഴിമതിയിലേ കലാശിക്കൂവെന്ന പാഠമാണ് ബ്രഹ്മപുരം നൽകുന്നത്. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശിയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
വികേന്ദ്രീകൃത സംസ്‌കരണമാണ് ആവശ്യമെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. കേന്ദ്രീകൃതമായ ശേഖരിക്കലും നീക്കംചെയ്യലും അഴിമതിക്കുള്ള മാർഗം കൂടിയാണ്. അത്തരം സംസ്‌കരണം മനുഷ്യരാശിയെ എങ്ങനെ നശിപ്പിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ബ്രഹ്മപുരമെന്നും മേധ പട്കർ അഭിപ്രായപ്പെട്ടു.