കരുണയില്ലാതെ, കനിവില്ലാതെ... സ്പെഷ്യൽ സ്‌കൂളുകളോട് അവഗണന
തൃശൂർ: സർക്കാർ സഹായം നിലച്ചതോടെ മാനസിക വെല്ലുവിളി നേരിടുന്ന സ്‌പെഷ്യൽ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. 2022 - 23 വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിലെ ചില്ലിക്കാശ് പോലും നൽകുന്നില്ലെന്നാണ് പരാതി. സംസ്ഥാനത്ത് മൂന്നൂറിലേറെ സ്പെഷ്യൽ സ്‌കൂളുകളുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ഏറെ സമ്മർദ്ദം നിറഞ്ഞ അന്തരീക്ഷത്തിലാണ് അദ്ധ്യാപകർ പഠിപ്പിക്കുന്നത്. സാധാരണ കുട്ടികൾക്കൊപ്പം ഇവരെ പഠിപ്പിക്കുക ഏറെ ശ്രമകരമാണ്.
അർഹതപ്പെട്ട സഹായത്തിന് അപേക്ഷകളുമായി എത്തുമ്പോൾ സാധാരണ സ്‌കൂളുകളിൽ ചേർക്കാൻ നിർദ്ദേശിക്കുകയാണ് സർക്കാർ വൃത്തങ്ങൾ ചെയ്യുന്നതത്രെ. ഇതിനേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് രക്ഷിതാക്കളുടെ പക്ഷം.
നയാപൈസ നൽകിയില്ല
അദ്ധ്യയന വർഷം തുടങ്ങി അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ സ്പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപകർക്കുള്ള ഓണറേറിയം പത്ത് മാസമായി നൽകിയിട്ടില്ല. എ.ബി.സി വിഭാഗങ്ങളായി തിരിച്ചാണ് അദ്ധ്യാപകരുടെ എണ്ണം നിശ്ചയിക്കുന്നത്. മുപ്പതിനായിരം രൂപയാണ് അദ്ധ്യാപകർ നൽകുന്നത്. എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ അദ്ധ്യാപകർക്ക് ഓണറേറിയം ലഭിക്കും.
എന്നാൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെയും ബി, സി വിഭാഗങ്ങളിലേക്ക് മാറ്റി അവഗണിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു. അതിനാൽ പത്തും ഇരുപതും അദ്ധ്യാപകരുള്ള സ്‌കൂളുകളിൽ ഓണറേറിയം ലഭിക്കുന്നത് പരമാവധി അഞ്ച് പേർക്കാണ്. ബാക്കിയുള്ളവരുടെ ശമ്പളത്തിനായി മാനേജ്‌മെന്റുകൾ മറ്റ് മാർഗങ്ങളിലൂടെ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. ആയമാർക്ക് 16,000 രൂപയാണ് നൽകുന്നത്. ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് മിക്കയിടത്തും ഇത് ലഭിക്കുന്നത്.
ജില്ലയിൽ 29 സ്‌കൂളുകൾ
സർക്കാർ അംഗീകാരത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന 29 സ്‌പെഷ്യൽ സ്‌കൂളുകളിൽ 2500 ഓളം കുട്ടികൾ പഠിക്കുന്നു. സംസ്ഥാനത്ത് 310 സ്‌പെഷ്യൽ സ്‌കൂളുകളും പ്രവർത്തിക്കുന്നു.
ആശ്വാസ കിരണവും അവതാളത്തിൽ
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നതും ഗുരുതര രോഗമുള്ളതുമായ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയായ ആശ്വാസകിരണവും അവതാളത്തിൽ. പ്രതിമാസം നൽകുന്ന 600 രൂപ കഴിഞ്ഞ രണ്ടര വർഷമായി മുടങ്ങിയിരിക്കുകയാണ്. 2017 മുതൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കുന്നില്ല. രക്ഷിതാക്കളുടെ വരുമാനം കൂടുതലാണെന്ന് കാണിച്ച് കുട്ടികൾക്കുള്ള ക്ഷേമ പെൻഷൻ നിറുത്തിയെന്നും പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം
സ്പെഷ്യൽ സ്കൂളിലെ അദ്ധ്യാപകർക്ക് ഓണറേറിയം നൽകാത്തതിലും മറ്റും പ്രതിഷേധിച്ചും അസോസിയേഷൻ ഫൊർ ഇന്റലക്‌ച്വലി ഡിസേബിൾഡിന്റെ നേതൃത്വത്തിൽ നാളെ മുതൽ രക്ഷിതാക്കളും ജീവനക്കാരും മാനേജ്‌മെന്റും സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം നടത്തും. പല സ്ഥാപനങ്ങളും അടച്ചു പൂട്ടൽ ഭീഷണിയിലാണെന്ന് സംയുക്ത സമര സമിതി ജില്ലാ കോ - ഓർഡിനേറ്റർ ഫാ.ജോൺസൺ അന്തിക്കാട്, ജയിംസ് നീലങ്കാവിൽ, പി.ജെ. തോമസ് മാസ്റ്റർ, ടോണി ചിറ്റിലപ്പിള്ളി, പി.ആർ. ജോർജ് എന്നിവർ പറഞ്ഞു.