മന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ

Wednesday 15 March 2023 2:07 AM IST

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് യു.പി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവിയോട് ചോദ്യം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ഓൺലൈൻ ചാനലിലെ റിപ്പോർട്ടർ സഞ്ജയ് റാണയെയാണ് ചന്ദൗസി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

11ന് ബുധനഗർ ഖന്ദ്വ ഗ്രാമത്തിൽ ചെക്ക്ഡാമിന്റെ തറക്കല്ലിടൽ ചടങ്ങിന് മന്ത്രി എത്തിയപ്പോഴായിരുന്നു സഞ്ജയ് റാണ ചോദ്യമുന്നയിച്ചത്. ഗ്രാമത്തിൽ റോഡുകൾ, ടോയ്‌ലെറ്റുകൾ, വിവാഹ മണ്ഡപം എന്നിവ നിർമ്മിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്ന് ചോദിച്ചു.ജനങ്ങൾ മാദ്ധ്യമ പ്രവർത്തകനെ പിന്തുണക്കുന്നതായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. മറ്റിടങ്ങളിലേത് പോലെ പണി പുരോഗമിക്കുകയാണെന്നും വാഗ്ദാനം നൽകിയ പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മാദ്ധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി ശുഭം രാഘവ് ചന്ദൗസി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊറാദാബാദ് ഉജാല യുട്യൂബ് ചാനലിന്റെ റിപ്പോർട്ടർ സഞ്ജയ് റാണയാണ് സർക്കാർ പരിപാടിയിൽ ഇടപെട്ടത്. ഇത് തടഞ്ഞ എന്നെ അയാൾ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി യുവമോർച്ച നേതാവ് പറഞ്ഞു. ഇതിനെ തുടർന്നാണ് സഞ്ജയ് റാണെയെ അറസ്റ്റ് ചെയ്തത്.