ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ വീട് വളഞ്ഞ് പൊലീസ്  അറസ്റ്റ് തടയാൻ തടിച്ചുകൂടിയ പാർട്ടിപ്രവർത്തകരുമായി സംഘർഷം  പാകിസ്ഥാനിൽ വ്യാപക പ്രക്ഷോഭം

Wednesday 15 March 2023 2:12 AM IST

ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ​ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ഇസ്ളാമാബാദ് പൊലീസ് വീട് വളഞ്ഞു. തോഷാഖാന അഴിമതിക്കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് വൻപൊലീസ് സന്നാഹമാണ് വീടിനു മുന്നിലുള്ളത്. പ്രസംഗത്തിനിടെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഇമ്രാനെതിരെ കോടതി തിങ്കളാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി. അതിന് പിന്നാലെയാണ് തോഷാഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നത്.

അറസ്റ്റ് തടയാൻ പി.ടി.ഐ പ്രവർത്തകർ വസതിക്കുമുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. പൊലീസിനുനേരെ പ്രവർത്തകർ കല്ലേറിഞ്ഞതിന് പിന്നാലെ ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഇസ്‌ളാമാബാദ് ഡി.ഐ.ജിക്ക് പരിക്കേറ്റു. പാകിസ്ഥാനിൽ വ്യാപകമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

അറസ്റ്റ് ചെയ്യാൻ ഇസ്‌ളാമാബാദ് പൊലീസ് എത്തിയതിനു പിന്നാലെ, പ്രവർത്തകരോട് സംഘടിക്കാൻ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. ജയിലിൽ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി പോരാടണമെന്ന് ഇമ്രാൻ ജനങ്ങളോട് വീഡിയോയിൽ അഭ്യർത്ഥിച്ചു. ‘‘പൊലീസ് എത്തിയിരിക്കുന്നത് എന്നെ അറസ്റ്റ് ചെയ്യാനാണ്. ഇമ്രാൻ ഖാൻ ജയിലിലായാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു. അത് തെറ്റാണെന്നും നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നും തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി നിങ്ങൾ പോരാടണം, തെരുവിലിറങ്ങണം’- എന്നാണ് സന്ദേശം.

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് പ്രത്യേക ഹെലികോപ്റ്റർ മാർഗം തിങ്കളാഴ്ച ലാഹോറിലെത്തിയെങ്കിലും അപ്പോഴേക്കും ഇമ്രാൻ സമൻ പാർക്കിലെ വസതിയിൽ നിന്ന് തിരഞ്ഞെടുപ്പ് റാലിക്കായി പുറപ്പെട്ടതിനാൽ അറസ്റ്റ് നടന്നില്ല.

അറസ്റ്റ് തടയാൻ പാർട്ടിപ്രവർത്തകർ തടിച്ചു കൂടി നിൽക്കുന്നതിനാൽ ഇമ്രാൻഖാന്റെ വസതിയിലേക്കുള്ള റോഡുകളെല്ലാം പൊലീസ് കണ്ടെയ്നർ നിരത്തി ബ്ളോക്ക് ചെയ്തിരിക്കുകയാണ്. പാർട്ടി പ്രവർത്തകരെ മറികടന്ന് ഇമ്രാനെ അറസ്റ്റ് ചെയ്യുകയെന്നത് പൊലീസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. തോഷാഖാന അഴിമതിക്കേസിൽ ഈ മാസം ആദ്യം ഇമ്രാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് അദ്ദേഹത്തിന്റെ ലാഹോറിലെ വസതിയിലെത്തിയെങ്കിലും പാർട്ടി പ്രവർത്തകർ വീട് വളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടിരുന്നു.

തോഷാഖാന അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാത്തതിന്വവ വാറണ്ട് നിലനിൽക്കുന്നുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഹർജി നൽകിയെങ്കിലും കോടതി തള്ളി. മാർച്ച് 29നകം ഇമ്രാനെ ഹാജരാക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചിട്ടുള്ളത്. കൂടാതെ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശവും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, ഇമ്രാൻ ഖാനെതിരെയുള്ള കള്ളക്കേസുകളിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഫാറൂഖ് ഹബീബ് പറഞ്ഞു. വനിതാജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ തിങ്കളാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇന്നലെ ഇസ്ളാമബാദ് ഹൈക്കോടതി അത് റദ്ദാക്കി. ഇപ്പോൾ വ്യാജ വാറണ്ടുമായി പൊലീസ് എത്തിയിരിക്കുകയാണ്. നിരവധി കേസുകളിൽ ഇമ്രാനെതിരെ പൊലീസ് വ്യാജ എഫ്.ഐ.ആർ ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം റാലിക്കായി തടിച്ചുകൂടിയ പ്രവർത്തകരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതിനും ഇമ്രാനെതിരെയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. തിങ്കളാഴ്ച പാർട്ടി പ്രവർത്തകനായ ഒരാൾ റോഡപകടത്തിൽ മരണമടഞ്ഞതിനും ഇമ്രാനെതിരെ പൊലീസ് കേസെടുത്തു. 11 മാസത്തിനിടെ 81-ാമത്തെ എഫ്.ഐ.ആറാണ് ഇമ്രാനെതിരെ ഇട്ടിരിക്കുന്നത്. അറസ്റ്റിന് തുനിയുകയാണെങ്കിൽ പാർട്ടി പ്രവർത്തകർ ചെറുക്കുമെന്നും ഹബീബ് പറഞ്ഞു.

Advertisement
Advertisement