ഒരു തച്ചിന് പണി നൽകിയ കീരവാണിയുടെ കാർപെന്റേഴ്സ്

Wednesday 15 March 2023 3:32 AM IST

95-ാമത് ഒാസ്കാർ വേദിയില്‍ രാജ്യത്തിന്റെ അഭിമാനമുയർത്തി രണ്ട് പുരസ്കാരങ്ങൾ ഇന്ത്യ കരസ്ഥമാക്കിയ പ്രഖ്യാപന വാർത്തകൾക്കൊപ്പം വന്ന 'ആശാരികളുടെ പാട്ട്" സോഷ്യല്‍ മീഡിയയില്‍ ട്രോളിന് ഇടം കൊടുത്തു.

സന്തോഷം നിറഞ്ഞൊഴുകുന്ന വാക്കുകളോടെ കീരവാണിയുടെ പ്രകടനം റിപ്പോർട്ട് ചെയ്തതിനൊപ്പം വന്ന അബദ്ധമാണ് ട്രോളിന് കാരണമായത്. 'കാർപെന്റേഴ്സിന്റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കാറുമായി ഇന്നിവിടെ നിൽക്കുന്നു. എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആർ.ആർ.ആർ വിജയിക്കണം. ആ ആഗ്രഹം തന്നെയാണ് രാജമൗലിക്കും കുടുംബത്തിനും ഉണ്ടായിരുന്നത്. ഓരോ ഭാരതീയന്റെയും അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിക്കണം' എന്നായിരുന്നു കീരവാണി പറഞ്ഞത്. 'ദ കാർപെന്റേഴ്സി"ലെ വരികൾ കടമെടുത്തായിരുന്നു ആശയം വ്യക്തമാക്കിയത്.

എന്നാല്‍ 'കാർപെന്റേഴ്സ്" എന്ന് കീരവാണി പറഞ്ഞത് പദാനുപദ തർജ്ജമയിൽ ആശാരിമാർ എന്നാക്കി, അല്പം കൂടി കടന്ന്ചിലർ ഭാവന കൂടി കലർത്തി, ആശാരിമാരുടെ തട്ടും മുട്ടും കേട്ട് വളർന്ന കീരവാണി എന്നുവരെയാക്കി പൊലിപ്പിച്ചു. യഥാർത്ഥത്തിൽ കീരവാണി കടമെടുത്ത വരികൾ പ്രമുഖ അമേരിക്കന്‍ ബാന്‍ഡായ 'ദ കാർപെന്റേഴ്സിന്റേ"തായിരുന്നു. അത് മനസ്സിലാക്കാതിരുന്നതാണ് തെറ്റുപറ്റാനിടയാക്കിയതും സാമൂഹ മാദ്ധ്യമങ്ങളില്‍ വിമർശനത്തിനും പരിഹാസത്തിനും ഇടയായതും.

ഹിപ്പി കാലഘട്ടമായ 70 കളിൽ ലോകത്തെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കന്‍ ബാന്‍ഡാണ് ' ദ കാര്‍പെന്‍റേഴ്സ്'. സഹോദരങ്ങളായ കരേൻ, റിച്ചാർഡ് കാർപെന്‍റര്‍ എന്നിവർ ചേർന്ന് രൂപീകരിച്ച ബാന്‍ഡ്. ഐ വോണ്ട് ലാസ്റ്റ് എ ഡേ വിത്തൗട്ട് യു, ഇറ്റ്സ് യെസ്റ്റർഡേ വൺസ് മോർ, ഇഫ് ഐ ഹാഡ് യു, ലവ് മി ഫോർ വാട്ട് അയാം തുടങ്ങിയവയാണ് ഹിറ്റ് ഗാനങ്ങള്‍. 1983ല്‍ കരേന്‍ അകാലത്തില്‍ മരണമടഞ്ഞതോടെ ബാൻഡിന്റെ പ്രവർത്തനം നിലച്ചു