സഹ അദ്ധ്യാപകൻ വിദ്യാർത്ഥികൾ നോക്കിനിൽക്കെ അസഭ്യം പറഞ്ഞു, വസ്‌ത്രം വലിച്ചുകീറിയെന്നും അദ്ധ്യാപികയുടെ പരാതി

Wednesday 15 March 2023 8:39 AM IST

ഇടുക്കി: വിദ്യാർത്ഥികളുടെ മുന്നിൽവച്ച് സഹഅദ്ധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി അദ്ധ്യാപിക. ഇടുക്കി അടിമാലി ഇരുമ്പുപാലം ഗവ. എൽ പി സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണ് പരാതി. ഇതേസ്‌കൂളിലെ താത്‌കാലിക അദ്ധ്യാപികയാണ് ഷമീം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വസ്ത്രം വലിച്ചുകീറി അപമാനിക്കാൻ ശ്രമിച്ചുവെന്നും പരാതി നൽകിയത്.

അദ്ധ്യാപികയുടെ പരാതിയിൽ പട്ടികജാതി/ വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം ഷമീമിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. എന്നാലിയാൾ ഒളിവിലാണ്.

കഴിഞ്ഞമാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ളാസിനിടെ വിദ്യാർത്ഥികൾ കണ്ടുനിൽക്കെ ഷമീം ക്ളാസിൽ നിന്ന് വിളിച്ചിറക്കി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും ധരിച്ചിരുന്ന ഷാൾ വലിച്ചൂരാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇതിനിടെ ചുരിദാർ കീറിപ്പോയെന്നും പരാതിയിലുണ്ട്. തൊഴിലിടത്തെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് അദ്ധ്യാപിക പറയുന്നത്.

അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് അടുത്ത മാസം മുതൽ സ്‌കൂളിന് മുൻപിൽ നിരാഹാര സമരം നടത്തുമെന്നാണ് പരാതിക്കാരിയും കുടുംബവും പറയുന്നത്. ഷമീമിനെതിരെ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.