അദാനി ഗ്രൂപ്പിനും വിദേശ കമ്പനിയ്‌ക്കും മിസൈലും റഡാറും പുതുക്കാൻ കരാർ നൽകി; കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെയും കേന്ദ്ര സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന കടുത്ത ആരോപണശരങ്ങളുമായി വീണ്ടും രാഹുൽ ഗാന്ധി. പ്രതിരോധ ഇടപാടിൽ അദാനി ഗ്രൂപ്പിനും ദുരൂഹത ഏറെയുള്ളൊരു വിദേശ കമ്പനിയ്‌ക്കും കരാർ നൽകി എന്നാണ് രാഹുൽ ആരോപിക്കുന്നത്. മിസൈലുകൾ, റഡാറുകൾ എന്നിവ പുതുക്കുന്നതിനുള്ള കരാറാണ് അദാനി ഗ്രൂപ്പിനും എലേറ എന്ന വിദേശ കമ്പനിയ്‌ക്കും നൽകിയതെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഈ വിദേശ കമ്പനിയെ നിയന്ത്രിക്കുന്നതോ മറ്റ് പ്രവർത്തനങ്ങളുടെതോ ആയ ഒരു വിവരവും ആർക്കും അറിയില്ലെന്നും അടിമുടി ദുരൂഹതയാണെന്നുമാണ് രാഹുൽ പറഞ്ഞത്.
വിദേശ പര്യടനത്തിന് ശേഷം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് ട്വിറ്റർ വഴി രാഹുൽ ആരോപണമുന്നയിച്ചത്. അതേസമയം ലണ്ടനിൽ ഇന്ത്യൻ ജനാധിപത്യത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ബഹളം തുടരുകയാണ്. കേംബ്രിഡ്‌ജ് സർവകലാശാലാ വിദ്യാർത്ഥികളോട് സംസാരിക്കവെയാണ് രാഹുലിന്റെ വിവാദമായ പരാമർശങ്ങളുണ്ടായത്. രാഹുൽ മാപ്പുപറയണമെന്ന ആവശ്യത്തെ ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തള്ളിക്കളഞ്ഞു. രാഹുൽ ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് വസ്‌തുതകളാണെന്നും അതിൽ തെറ്റില്ലെന്നുമാണ് ഖാർഗെ അറിയിച്ചത്. മോദിയാണ് വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകൾ നടത്താറെന്നാണ് ഖാർഗെ വാദിച്ചത്.