തുമ്പൂർമുഴി: ഇറിഗേഷൻ കനാൽ ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കണം

Thursday 16 March 2023 12:00 AM IST

തൃശൂർ: ചാലക്കുടി ഇടമലയാർ പ്രൊജക്ട് രണ്ട് പ്രകാരം തുമ്പൂർമുഴി ഡൈവേർഷൻ സ്‌കീമിൽ നിന്നും ലഭിക്കുന്ന ഇറിഗേഷൻ കനാൽ വഴിയുള്ള ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ പ്രമേയം പാസ്സാക്കി. അതിരപ്പിള്ളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ജിനീഷ് പി. ജോസ് അവതാരകനും പീച്ചി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളായ ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ ജലസേചന കുടിവെള്ള ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന പ്രൊജക്ടാണ് തുമ്പൂർമുഴി. രണ്ടു മീറ്റർ കനത്തിൽ ലഭിക്കേണ്ട വെള്ളം ഇപ്പോൾ 0.60മീറ്റർ അളവിലാണ് ലഭിക്കുന്നത്. ഇതുമൂലം കൃഷിക്ക് കനത്ത നാശവും രൂക്ഷമായ കുടിവെള്ള ക്ഷാമവും നേരിടുകയാണ്.