ഉമ്പായിയെകുറിച്ച് മ്യൂസിക്കൽ ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

Thursday 16 March 2023 12:05 AM IST

തൃശൂർ: കലയിലൂടെ തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ച കറകളഞ്ഞൊരു കലാകാരനായിരുന്നു ഉമ്പായിയെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ. എഴുത്തുകാരൻ വി.ആർ. രാജമോഹന്റെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്ന 'അറബിക്കടലിന്റെ ഗസൽ നിലാവ്' എന്ന ഉമ്പായിയെകുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണിൽ ക്ലാപ്പ് ചെയ്യുകയായിരുന്നു അദ്ദേഹം. കവിയും വിവർത്തകനുമായ വേണു വി. ദേശം ഡോക്യുമെന്ററി സ്വിച്ച് ഓൺ നിർവഹിച്ചു.

ഉമ്പായി - വേണു വി. ദേശം കൂട്ടുക്കെട്ടിൽ പിറന്ന മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബം, 'പ്രണാമ' ത്തിന്റെ രജതജൂബിലിയോട് അനുബന്ധിച്ച്, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഗസൽസന്ധ്യയാണ് ഡോക്യുമെന്ററിയുടെ ഭാഗമായി ചിത്രീകരിച്ചത്. ഉമ്പായിയുടെ സഹോദരീ പുത്രനും ഗസൽ ഗായകനുമായ സി.കെ. സാദിഖാണ് ഉമ്പായിയായി അഭിനയിക്കുന്നത്.

സംവിധായകൻ സതീഷ് കളത്തിൽ, വി.ആർ. രാജമോഹൻ, അവതാരകനും അഭിനേതാവുമായ സനൽ പോറ്റി, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ്, കളമശേരി നഗരസഭാ മുൻ ചെയർപേഴ്‌സൺ റുഖിയ ജമാൽ, ഡോക്യുമെന്ററിയുടെ അസോസിയേറ്റ് ഡയറക്ടർ സാജു പുലിക്കോട്ടിൽ, അസോസിയേറ്റ് ക്യാമറാമാൻ അഖിൽ കൃഷ്ണ, അമീൻ വടുതല, ദേവദാരു ഫൗണ്ടേഷൻ അംഗങ്ങളായ അഗസ്റ്റ് സിറിൽ, ഡോ. ഡി. വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഡോക്യുമെന്ററിയുടെ ടൈറ്റിൽ സോംഗ്, 'സിതയേ സുതനുവേ' യുടെ ഓഡിയോ സി.ഡി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്തിരുന്നു.