സസ്‌നേഹം തൃശൂർ: ബയ് ബാക്ക് പദ്ധതിക്ക് തുടക്കം

Thursday 16 March 2023 12:07 AM IST

തൃശൂർ: സസ്‌നേഹം തൃശൂരിന്റെ കീഴിൽ നടക്കുന്ന ബയ് ബാക്ക് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർ നിർമിച്ച പേപ്പർ ബാഗുകളും തുണിസഞ്ചികളും ജില്ലാ കളക്ടർ ഹരിത വി. കുമാർ, സെഡാർ എം.ഡി അലോക് തോമസ് പോളിന് കൈമാറി.

ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനവും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തലുമാണ് ബയ് ബാക്ക് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡികാപ്ഡ് അഡൽറ്റ്‌സ് (അംഹ), സെഡാർ റീറ്റെയ്ൽ എന്നിവയുടെ സഹകരണത്തോടെ ബയ് ബാക്ക് പദ്ധതിയുടെ പൈലറ്റ് ഘട്ടം പൂർത്തിയാക്കി.

അംഹയിലെ അന്തേവാസികൾക്ക് പേപ്പർബാഗ്, തുണിസഞ്ചി നിർമാണത്തിലും പരിശീലനം നൽകി. അടുത്ത ഘട്ടത്തിൽ ഉത്പാദനവും വർദ്ധിപ്പിക്കും. പൊതുജീവിതത്തിലേക്ക് ഭിന്നശേഷിക്കാരെ കൂടി ചേർക്കുന്ന തരത്തിൽ പൊതു ഇടങ്ങളും ഉത്സവാഘോഷങ്ങളും വിപണിയും തൊഴിലിടവുമെല്ലാം മാറുന്നതിനാണ് ശ്രമിക്കുന്നത്. ഇൻക്ലൂസിവ് ആയ ഒരു തൃശൂർ പൂരം ഇത്തവണ ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു. മഹാത്മാ ഗാന്ധി നാഷണൽ ഫെല്ലോ സോണൽ കുരുവിള പദ്ധതി വിശദീകരിച്ചു. ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രൻ, അസിസ്റ്റന്റ് കളക്ടർ വി.എം. ജയകൃഷ്ണൻ, എൻ.കെ. ശ്രീലത, ടി.ആർ. മോസസ്, സി.പി. അബ്ദുൽ കരീം, ഭാനുമതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.