എ കളക്ടീവ് ഫൊർ ജെൻഡർ ജസ്റ്റിസ് സമത അവാർഡുകൾ പ്രഖ്യാപിച്ചു

Thursday 16 March 2023 12:32 AM IST

തൃശൂർ: എ കളക്ടീവ് ഫൊർ ജെൻഡർ ജസ്റ്റിസ് സമതയുടെ 2023ലെ സാഗര, ജൈവസമൃദ്ധി, തൂലിക, ജ്വാല പുരസ്‌കാരങ്ങൾക്ക് യഥാക്രമം സമുദ്രശാസ്ത്രജ്ഞയും ഹൈഡ്രോഗ്രാഫറുമായ ഡോ. സാവിത്രി നാരായണൻ, കാസർകോട് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ ടിം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, വിവിധ സാഹിത്യ ശാഖകളിൽപെട്ട 38 പുസ്തകങ്ങൾ വിവർത്തനം ചെയ്ത സി. കബനി, ലഹരിമാഫിയക്കെതിരെ ശബ്ദം ഉയർത്തിയതിന് ക്രൂരമർദനത്തിനിരയാകേണ്ടിവന്ന വയനാട്ടിലെ അപർണ ഗൗരി എന്നിവർ അർഹരായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 22ന് വൈകിട്ട് അഞ്ചിനു സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ കെ.എഫ്.ആർ.ഐ മുൻ ഡയറക്ടർ ഡോ. കെ.വി. ശങ്കരൻ സാഗര പുരസ്‌കാരം ഡോ. സാവിത്രി നാരായണനു സമ്മാനിക്കും. 25,000 രൂപയും ആദരപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. വാർത്താസമ്മേളനത്തിൽ സമത മാനേജിംഗ് ട്രസ്റ്റി ടി.എ. ഉഷാകുമാരി, ചെയർപേഴ്‌സൺ ടി.ജി. അജിത, ട്രഷറർ എ. കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.