സൂപ്പറാണ് കഴുതപ്പാൽ സോപ്പ്; ഹിറ്റായി ശാരിയുടെ സംരംഭം

Wednesday 15 March 2023 9:00 PM IST

കണ്ണൂർ: ഒന്നിനും കൊള്ളാത്തവരെ കഴുതയോട് ഉപമിക്കുന്നതാണ് പൊതുവേ മലയാളിയുടെ ശീലം.എന്നാൽ തൃശൂർ പേരമംഗലം സ്വദേശി ശാരി ചങ്ങരംകുമരത്തിനോട് ചോദിച്ചാൽ ഈ വിശേഷണം മാറ്റിപ്പിടിക്കേണ്ടിവരും. മൂല്യമേറിയ പാൽ തരുന്ന ഈ മൃഗം സമ്പത്താണെന്ന് കഴുതപ്പാലിൽ നിന്നും സോപ്പുണ്ടാക്കുന്ന ഈ യുവ സംരംഭക പറഞ്ഞുതരും.

കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന സംസ്ഥാന ഖാദി എക്സ്പോയിലാണ് ശാരി കഴുതപ്പാലുകൊണ്ടുള്ള സോപ്പും മറ്റ് 55 ഇനം സൗന്ദര്യവ‌ർദ്ധന ഉത്പ്പന്നങ്ങളുമായി എത്തിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സംരംഭക ഇങ്ങനെയൊരു പദ്ധതി വിജയിപ്പിക്കുന്നത്. ബോമോസ് ബേ എന്ന തന്റെ സൗന്ദര്യവർദ്ധന സംരംഭത്തിലൂടെയാണ് ഡോങ്കി മിൽക് സഫ്രോൺ ബാർ എന്ന സോപ്പ് വിപണിയിലെത്തിക്കുന്നത്.ആദ്യമൊക്കെ ആളുകൾ അയ്യേ കഴുതപ്പാൽ എന്ന് പറഞ്ഞ് അവ‌‌ജ്ഞയോടെയും ചിരിച്ച് തള്ളിയുമുള്ള സമീപനമായിരുന്നു.എന്നാൽ കഴുതപ്പാലിന്റെ ഗുണമേന്മകളും തന്റെ സോപ്പിന്റെ ഉപയോഗത്തെയും അതിലെ ചേരുവകളെയുമെല്ലാം വ്യക്തമായി പറഞ്ഞ് മനസ്സിലാക്കിയതോടെ സംരംഭം വിജയത്തിലെത്തി.

മൂന്നുവർഷം മുമ്പ് ആരംഭിച്ച ശാരിയുടെ ബേമോസ് ബേ എന്ന സംരംഭത്തിന് ഇന്ന് വിദേശത്തടക്കം വലിയ ഡിമാന്റാണ്. .മറ്റ് കൃത്രിമ കളറുകളോ കെമിക്കലുകളോ ചേർക്കുന്നില്ലെന്നതാണ് ശാരി പറയുന്നത്.ഡോങ്കി മിൽക് സഫ്രോൺ ബാറിനാണ് വിദേശത്തടക്കം ഡിമാൻഡ് അധികം.സോപ്പുകൾ, ഫെയ്‌സ് വാഷ്, ലിപ്സ്​റ്റിക്, ഷാംപൂ, തുടങ്ങിയവയും സ്​റ്റാളിലുണ്ട്. 20 രൂപ മുതലുള്ള ഉൽപ്പന്നങ്ങളുണ്ട് .കേരളത്തിലെ ആദ്യത്തെ വ്യത്യസ്ത സംരംഭമായതിനാൽ ഖാദി ബോർഡും ഉത്പ്പന്നത്തെ ഏറ്റെടുത്തു.ഖാദിയുടെ ഷോപ്പുകളിൽ ശാരിയുടെ ഉത്പ്പന്നങ്ങൾ ലഭ്യമാകും.

ഗുണങ്ങളേറെ

കഴുതപ്പാലിൽ പന്ത്റണ്ടിലധികം വി​റ്റാമിനുകൾ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ശാരി പറഞ്ഞു.ഒരുലി​റ്റർ കഴുതപ്പാലിന് അയ്യായിരം മുതൽ പതിനായിരം വരെ വിലവരും.എന്നാൽ ഒരു കഴുതയിൽ നിന്നും ഏകദേശം ഒന്നര ലിറ്റർ പാൽവരെയാണ് ഒരു ദിവസം ലഭിക്കുന്നത്.തമിഴ്‌നാട്ടിൽ നിന്ന് പാൽ എത്തിച്ച് തൃശ്ശൂരുള്ള യൂണി​റ്റിൽ നിന്നാണ് സോപ്പ് നിർമ്മിക്കുന്നത്. സാധാരണ സോപ്പ് പോലെ തന്നെയാണ് ഇതിന്റെ ഉപയോഗം. കുങ്കുമപ്പൂവും സോപ്പിൽ ചേർക്കുന്നു.വെയിലേറ്റുണ്ടാകുന്ന നിറം മങ്ങൽ മാറ്റി മുഖം ഫ്രഷാക്കുന്നു.വി​റ്റാമിൻ എ, ബി വൺ, ബിടു സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിർജീവമായ ചർമകോശങ്ങളെ നിലനിർത്തുകയും അകാലവാർധക്യം തടയുകയും ചെയ്യും. ഒരു സോപ്പിന് അഞ്ഞൂറു രൂപയാണ്

ഒരിക്കൽ വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും സോപ്പുമന്വേഷിച്ചെത്തുന്നുണ്ട്.

ശാരി