തലശ്ശേരിയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രവുംഉടൻ

Wednesday 15 March 2023 9:11 PM IST

തലശ്ശേരി: കേരള കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷന് കീഴിൽ നിട്ടൂരിലെ കോളേജ് ഓഫ് നഴ്സിംഗ് കാമ്പസിൽ ഗവേഷണ കേന്ദ്രവും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും വരുന്നു.രണ്ട് സ്ഥാപനങ്ങളും ആരംഭിക്കാൻ സർക്കാർ അനുമതിയായി.പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചരക്കോടി രൂപയും സംസ്ഥാനസർക്കാർ അനുവദിച്ചു.

ഗവേഷണ കേന്ദ്രത്തിന് നേരത്തെ മൂന്നരക്കോടിയും വൈറോജി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞ ദിവസം രണ്ട് കോടിയുമാണ് അനുവദിച്ച് ഉത്തരവായത്. കെട്ടിടങ്ങൾക്കുള്ള പ്ലാൻ അനുമതി തലശ്ശേരി നഗരസഭയിൽ നിന്ന് ലഭിച്ചാൽ അടുത്ത മാസം തന്നെ ശിലാസ്ഥാപനം നടക്കും.ഇവിടെ പുതിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ തുടങ്ങാൻ അനുമതിയ്ക്കുള്ള അപേക്ഷ സർക്കാർ പരിഗണനയിലുണ്ട്. നിലവിൽ ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലുമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുള്ളത്. തലശ്ശേരിയിൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് തുടങ്ങിയാൽ മലബാറിലുള്ളവർക്ക് സൗകര്യമാകും. പരിശോധനാ ഫലം വേഗത്തിൽ ലഭിക്കുമെന്ന സാദ്ധ്യതയുമുണ്ടാവും. വൈറസ് രോഗങ്ങൾ വർദ്ധിക്കുന്നതിനാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഏറെ പ്രസക്തിയുണ്ട്.ഗവേഷണകേന്ദ്രത്തിലൂടെ രോഗ പ്രതിരോധ വാക്സിനടക്കം വികസിപ്പിക്കാൻ കഴിയും.

മൂന്ന് പ്രധാന കോഴ്സുകളും

എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി,എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി,എം.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സുകൾക്കാണ് അപേക്ഷ നൽകിയത്. കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസസിൽ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി,ബി.എസ്.സി എം.എൽ.ടി,ബി.എസ്.സി മൈക്രോബയോളജി,ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി,മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി എന്നീ കോഴ്സുകളാണ് നിലവിലുള്ളത്.