ബി.എസ്.എൻ.എൽ സഹ.സംഘം തട്ടിപ്പിന് മൂർത്തിയും കൂട്ടുനിന്നു

Thursday 16 March 2023 3:23 AM IST

 പ്രദീപിനെയും ധനകാര്യസ്ഥാപന ഉടമയെയും ഉടൻ പിടികൂടും

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിലെ മുഖ്യപ്രതി എ.ആർ.ഗോപിനാഥിന്റെ പണാപഹരണത്തിന് കഴി‌ഞ്ഞദിവസം അറസ്റ്റിലായ ഡയറക്ടർ ബോർഡംഗം മൂർത്തി കൂട്ടുനിന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

അംഗങ്ങളുടെ സേവിംഗ്സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് ഗോപിനാഥ് പണം പിൻവലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂർത്തിയുടെ അറിവോടെയായിരുന്നുവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിൽ വ്യക്തമായി. ഗോപിനാഥ് പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂർത്തി പലരിൽ നിന്നും സെസൈറ്റിക്കായി നിക്ഷേപങ്ങൾ കാൻവാസ് ചെയ്യുകയും നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്‌തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഫോൺ സംഭാഷണങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളുമുൾപ്പെടെ നിരവധി തെളിവുകളും പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. 22വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ഗോപിനാഥിനെ വിട്ടുകിട്ടിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി മറ്റൊരു ഡയറക്ടർ ബോർഡ് അംഗവും ബി.എസ്.എൻ.എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന നന്തൻകോട് സ്വദേശി പി.ആർ.മൂർത്തിയെ (63) ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്. മൂർത്തിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഗോപിനാഥിനൊപ്പമിരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിന്റെ ആസൂത്രണമുൾപ്പെടെ പലകാര്യങ്ങളും തെളിഞ്ഞത്. തട്ടിപ്പിൽ നിർണായക പങ്കുള്ള മറ്രൊരു പ്രതി എ.ആർ.രാജീവിനെയും ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠൻ, ഇയാളുടെ ഭാര്യ എന്നിവരെയും ഉടൻ പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ഗോപിനാഥ് വകമാറ്റിയ പണത്തിൽ ഭൂരിഭാഗവും മണികണ്ഠനും ഭാര്യയും ചേർന്ന് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും ഉടൻ പിടികൂടാൻ ആലോചിക്കുന്നത്. ഇവരെക്കൂടി ഗോപിനാഥിനൊപ്പം ചോദ്യം ചെയ്‌താൽ തട്ടിപ്പിന്റെ പൂർണരൂപം മനസിലാകുമെന്നാണ് കണക്കുകൂട്ടൽ. എ.ആർ.ഗോപിനാഥ്, മൂർത്തി, പ്രദീപ് കുമാർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരു ഡസനോളം പേർ പ്രതികളായ കേസിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റ് പ്രതികൾക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിനിടയാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂർത്തിയെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വസ്‌തുവാങ്ങിയ സ്ഥലങ്ങളിലും പണം നിക്ഷേപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമുൾപ്പെടെ ഗോപിനാഥിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Advertisement
Advertisement