'റഫ'വെറുമൊരു വീടല്ല,​ഘടികാരപ്പുര

Wednesday 15 March 2023 9:37 PM IST

തലശ്ശേരി: ഒളവിലം പള്ളിക്കുനിയിലെ കുഞ്ഞിപ്പറമ്പത്ത് 'റഫ' ഹൗസിന്റെ സമയങ്ങൾക്ക് പലതരം ശബ്ദങ്ങളുടെ താളമുണ്ട്. നൂറുകണക്കിന് ഘടികാരങ്ങൾ വ്യത്യസ്തമായ ശബ്ദങ്ങളിൽ സമയം അറിയിക്കുമ്പോൾ ഇവിടെയെത്തിയവർക്ക് മുന്നിൽ അതൊരു അത്ഭുതലോകമാണ് കെ.പി.ഖാലിദ് എന്ന എഴുപതുകാരൻ ഒരുക്കിവച്ചിരിക്കുന്നത്.

മുകൾനിലയിലെ വിശാലമായ മൂന്ന് മുറികൾ നിറയെ നൂറു 'കണക്കിന് ക്ലോക്കുകളാണ്. പലവിധ രാജ്യങ്ങളിൽ നിന്ന് സംഘടിപ്പിച്ച നൂറു കണക്കിന് ക്ലോക്കുകളും ടൈംപീസുകളും. കൂട്ടത്തിൽ പൊക്കമുള്ള ക്ലോക്കുകൾപ്പെടെയുണ്ട്. ഇവയിൽ പലതും പല നാടുകളിൽ നിന്ന് പറഞ്ഞ വില കൊടുത്ത് സ്വന്തമാക്കിയതാണ് . ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിൽ നിന്നും ഖാലിദ് ഘടികാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളവ തൊട്ട് ഇലക്ട്രോണിക്ക് അടിപൊളി ഡിജിറ്റൽ ക്ലോക്കുകൾ വരെയുണ്ട്.

1981ൽ ഖത്തറിലേക്ക് കപ്പൽ കയറിയ ഖാലിദ് ഡ്രൈവർ ജോലിക്കിടയിൽ പല നാടുകളിലും സഞ്ചരിച്ചിട്ടുണ്ട്. സമയത്തിന്റെ വില തന്നെയാണ് ചെറുപ്രായത്തിൽ തന്നെ ഖാലിദ് ക്ളോക്കുകളുടെ ഇഷ്ടതോഴനാകാൻ കാരണം. പഴക്കവും കൗതുകവുമുള്ള ക്ലോക്കും ടൈംപീസും എവിടെ കണ്ടാലും അത് വാങ്ങും. സിക്കോഷിയ, വെഹ്രൈൽ, ബിഗ് ബെൻ, ടോക്കിയോ ക്ലോക്ക്, റിവെക്സ്, നായ്കർ തുടങ്ങി പ്രമുഖ കമ്പനികളുടെ ക്ളോക്കുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയ്ക്ക് പുറമെ ഹോളണ്ടിന്റെ വാൾവ് റേഡിയോ തൊട്ട് പഴയ കാല ടേപ്പ് റെക്കോർഡറുകളും, എച്ച്.എം.വി യുടെ റെക്കോർഡ് പ്ലയർ വരെയുമുള്ള നിരവധി പുരാവസ്തുക്കളും ടോർച്ചുകളും ഖാലിദിന്റെ ശേഖരത്തിലുണ്ട്. ബാംഗ്ളൂരിൽ വിമാനക്കമ്പനിയിൽ മെക്കാനിക്കായിരുന്ന പിതാവ് അബ്ദുറഹ്മാനിൽ നിന്ന് പഠിച്ചെടുത്തതാണ് ഏത് വസ്തുവും അഴിച്ചുപണിയാനുള്ള വിദ്യ. ഇങ്ങനെ ടോർച്ച്, ക്ലോക്ക്, റേഡിയോ, തുടങ്ങി ഒട്ടുമിക്ക ഉപകരണങ്ങളും റിപ്പയർ ചെയ്യാനും നിർമ്മിക്കാനും ഖാലിദിന് കഴിഞ്ഞു. ഖാലിദിന്റെ സമയപ്പുരയിലേക്ക് പല വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളും മറ്റും സന്ദർശനത്തിന് എത്താറുണ്ട്.