ഇ​ൻ​സ്റ്റ​ഗ്രാമിലും യൂട്യൂബിലും നിറയുന്നു സ്നേഹക്കൂട്ടിലെ അഞ്ഞൂറാനും അച്ചാമ്മയും

Wednesday 15 March 2023 9:43 PM IST

കോട്ടയം: കേറിവാടാ മക്കളെ എന്ന തട്ടുപൊളിപ്പൻ ഡയലോ​ഗുമായി അഞ്ഞൂറാൻ...പനിനീര് തളിക്കാൻ ആനയോട് കല്പിച്ച് ആനപ്പാറ അച്ചാമ്മ... നാടോടിക്കാറ്റിലെ ദാസനും വിജയനും.. മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ കോട്ടയത്തെ സ്നേഹക്കൂട് അഭയമന്ദിരത്തിൽ പുനർജനിക്കുകയാണ്. ഇ​ൻ​സ്റ്റ​ഗ്രാമിൽ റീൽസും യൂട്യൂബിൽ ഷോട്സുമായി തരം​ഗമാവുകയാണ് അവർ. ജീവിതസായാഹ്നത്തിൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട സ്നേഹക്കൂട്ടിലെത്തിയവരൊക്കെ ഇന്ന് ഫേമസാണ്, ഹാപ്പിയുമാണ്. സ്നേഹക്കൂട്ടിലെ അം​ഗങ്ങൾ ​ഗോഡ്ഫാ​ദറിലെ രം​ഗം അനുകരിച്ച് റീൽസ് പുറത്തിറങ്ങുന്നത് ഫെബ്രുവരി ആദ്യവാരമാണ്. സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമായ വീഡിയോ ഫേസ്ബുക്കിൽ ഇതുവരെ 25 ലക്ഷം പേർ കണ്ടു. പല വീഡിയോകളുടെയും കാഴ്ചക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. സ്നേഹക്കൂട് ഡയറക്ടർ നിഷയുടെ ആശയമായിരുന്നു ഇത്. പ്രായമുള്ളവർ അഭിനയിക്കുന്ന ഒരു രം​ഗം കണ്ടപ്പോൾ എന്തുകൊണ്ട് സ്നേഹക്കൂട്ടിലെ അം​ഗങ്ങളെ താരങ്ങളാക്കികൂടാ എന്ന ചിന്ത ഉടലെടുത്തു. 85കാരൻ നാണപ്പന് എൻ.എൻ പിള്ളയുടെ മുഖസാദൃശ്യം തോന്നി. അങ്ങനെ തുടക്കം അഞ്ഞൂറാനിലായി.

പിന്നാലെ സ്നേഹക്കൂട്ടിലെ സജിയും വർ​ഗീസും തങ്കമ്മയുമൊക്കെ തകർത്തഭിനയിക്കാൻ തുടങ്ങി.ടി.വിയിൽ ​ഗോഡ്ഫാദർ കണ്ട് അഭിനയിക്കാൻ തോന്നിയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാണ് അത് സാദ്ധ്യമായതെന്ന് ആനപ്പാറ അച്ചാമ്മയായി വേഷമിട്ട തങ്കമ്മ പറയുന്നു. സ്നേഹക്കൂടിലെ ജീവനക്കാരായ ജ​സ്റ്റിനും കിഡ്ഡുമാണ് കാമറയ്ക്ക് പിന്നിൽ. ഡയലോ​ഗ് പറഞ്ഞുപഠിപ്പിക്കുന്നതും ഷൂട്ടിം​ഗും എഡിറ്റിം​ഗുമെല്ലാം ഇവർ തന്നെ. ചിലപ്പോൾ നിരവധി ടേക്കുകൾ വേണ്ടിവരും. എല്ലാവരെയും ഒരുമിച്ചിരുത്തി അവർ അഭിനയിച്ച റീൽസ് കാണിക്കും. അവിടെ ഉയരുന്ന കൂട്ടച്ചിരിയാണ് നിഷയുടെയും കൂട്ടരുടെയും മനസുനിറയ്ക്കുന്നത്. ഇനിയും അഭിനയിച്ചുതകർക്കാനാണ് ഉദ്ദേശ്യമെന്ന് സ്നേഹക്കൂട്ടിലെ സൂപ്പർതാരങ്ങൾ പറയുന്നു.

ഇവിടെയുള്ള അച്ഛനമ്മമാരുടെ മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവിടെ അവർ സങ്കടപ്പെട്ടുകഴിയേണ്ടവരല്ല. അഭിനയിക്കാൻ ഇവരെല്ലാം മുൻപന്തിയിലാണ്. പലരും പ്രശസ്തരായിക്കഴിഞ്ഞു - നിഷ (സ്നേഹക്കൂട് ഡയറക്ടർ).

Advertisement
Advertisement