ഒടുവിൽ പെയ്തിറങ്ങി വേനൽമഴ, ഒപ്പം ആശ്വാസവും ആശങ്കയും
Wednesday 15 March 2023 9:51 PM IST
കോട്ടയം: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി മഴ. ഇന്നലെ അഞ്ചോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റും ശക്തമായ മഴയും പെയ്തത്. മലയോരമേഖലയിൽ മണിക്കൂറുകളോളം മഴ പെയ്തു. കോട്ടയം നഗരത്തിൽ അരമണിക്കൂറോളം മഴ തുടർന്നു. മലോയരമേഖലകളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്തത്. മുണ്ടക്കയം, ഈരാറ്രുപേട്ട ഭാഗങ്ങളിലെ ശക്തമായ മഴയിൽ കിണറുകളിൽ വെള്ളമായി. വാടിക്കരിഞ്ഞ കൃഷിക്കും മഴ ആശ്വാസമായി. അതേസമയം അപ്രതീക്ഷിതമായി എത്തിയ മഴ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർക്ക് തിരിച്ചടിയായി. ചില പാടശേഖരങ്ങളിൽ കൊയ്ത്ത് തടസപ്പെടുന്ന സാഹചര്യവുമുണ്ടായി.