ദാഹിച്ച് വലഞ്ഞാലും ഒഴിവാക്കണം!

Wednesday 15 March 2023 9:56 PM IST

കോട്ടയം: ചെറുകുപ്പികളിലും പാക്കറ്റിലുമെത്തുന്ന വില കുറഞ്ഞ കൃത്രിമ ശീതളപാനീയങ്ങൾ അകത്താക്കുന്നവർ ജാഗ്രതൈ... മാമ്പഴത്തിന്റെയും ഓറഞ്ചിന്റെയും ആപ്പിളിന്റെയും രുചിയും മണവുമുള്ള പാനീയം കുടിച്ച് വേനൽകാലത്ത് ഭക്ഷ്യവിഷബാധയേൽക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രമുഖ കമ്പനി പുറത്തിറക്കുന്ന കുപ്പിപാനീയം കുടിച്ച് ഒരു കുടുംബം മുഴുവൻ കഴിഞ്ഞദിവസം ആശുപത്രിയിലായി. അവശനിലയിലായ പത്തു വയസുകാരൻ ഛർദ്ദിച്ചതിനൊപ്പം രക്തവും പുറത്തുവന്നു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗാന്ധി നഗർ ഐ.സി.എച്ചിലും ചികിത്സതേടിയിരുന്നു.രോഗകാരണം ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയ ഐ.സി.എച്ച് ഡോക്ടർമാർ ഇത്തരം നിരവധി കേസുകൾ എത്താറുണ്ടെന്നും വ്യക്തമാക്കി. കുപ്പിപാനിയത്തിന്റെ സാമ്പിൾ ശേഖരിച്ച് കുട്ടിയുടെ ബന്ധുക്കൾ കോട്ടയത്തെ ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർക്ക് പരിശോധനക്കായി നൽകിയിരുന്നു. ലാബിൽ നിന്ന് ഫലം വന്നിട്ടില്ലെന്നും ഗുണനിലവാരമില്ലെങ്കിൽ പരിശോധനാഫലം ഉടനേ വന്നിരുന്നേനേയെന്നുമുള്ള വിചിത്ര മറുപടിയാണ് ബന്ധുക്കൾക്ക് അധികൃതർ നൽകിയത്.

ഇത് തട്ടിപ്പ്

കുപ്പിപാനീയത്തിലെ തീയതി നോക്കി പുതിയതെന്നു കരുതിയാണ് പലരും വാങ്ങുന്നതെങ്കിലും വൻ തട്ടിപ്പാണ് ഇതിൽ നടക്കുന്നത്. മാനുഫക്ചറിംഗ് തീയതിയുടെ തലേദിവസം എക്സ്പയറി തീയതി വെച്ച് അടുത്തദിവസം ഉണ്ടാക്കിയതാണെന്ന് വരെ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പ് കമ്പനിക്കാർ നടത്താറുണ്ടെന്ന് ഉപഭോക്തൃ സംഘടനാ ഭാരവാഹികൾ പറയുന്നു. കുപ്പിയിലേക്ക് നേരിട്ട് വെയിലേറ്റാൽ പാനീയം വിഷത്തിന് തുല്യമാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

കാർബണേറ്റ് സോഫ്റ്റ് ഡ്രിംഗ്സാണ് ചെറുകുപ്പികളിലും മറ്റും വരുന്നത്. കൃത്രിമമായി പഴങ്ങളുടെ നിറവും മണവും ചേരുവയും ചേർത്ത പാനീയം പഴച്ചാറല്ല. കൂടുതൽ ക്ഷീണത്തിലേക്കും ദാഹത്തിലേക്കും മാത്രമേ ഇത് നയിക്കൂ. ഇതിലെ കൃത്രിമ മധുരം ഹൈഫ്രക്ടോസ് കോൺസിപ്പാണ്. ഇത് ശരീരത്തിന് ഹാനികരമാണ്. ആളുകളെ വീണ്ടും കുടിക്കാൻ പ്രേരിപ്പിക്കും. വയറിനുള്ളിൽ നിന്നും കാർബൺഡൈയോക്സൈഡ് പുറംതള്ളപ്പെടുന്നത് വിശപ്പില്ലായ്മക്കും ഗാസ് ട്രബിളിനും വയറ് വേദന ഛർദ്ദി എന്നിവയ്ക്കും കാരണമാകും.

ഡോ.ജോർജ് എബ്രഹാം

Advertisement
Advertisement