212 മീറ്രർ ഉയരെ ഹെലിപ്പാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

Thursday 16 March 2023 4:17 AM IST

ദുബായ് : ഭൂനിരപ്പിൽ നിന്ന് 212 മീറ്റർ ഉയരത്തിൽ, 27 മീറ്റർ മാത്രം വീതിയുള്ള ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപ്പാഡിൽ വിമാനമിറക്കി ചരിത്രം കുറിച്ച് പോളിഷ് പൈല​റ്റും എയ്റോബാറ്രുമായ ലൂക്ക് ചെപീല. പ്രത്യേകം രൂപകല്പനചെയ്ത വിമാനം 20.76 മീ​റ്ററിനുള്ളിൽ ലൂക്കിന് നിറുത്താനായി. സാധാരണ റൺവേയിലൂടെ ഏറെ ദൂരം സഞ്ചരിച്ചാണ് വിമാനങ്ങൾ ലാൻഡിംഗ് നടത്തുന്നത്.

2021 മുതൽ ദുബായ്, യു.എസ്, പോളണ്ട് എന്നിവിടങ്ങളിലായി 650 തവണ റിഹേഴ്സൽ നടത്തിയ ശേഷമാണ് മുപ്പത്തിയൊമ്പതുകാരനായ ലൂക്ക് ചരിത്ര ദൗത്യം നിർവഹിച്ചത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 6.58നാണ് ലൂക്ക് ബുർജ് അൽ അറബിന് മുകളിൽ വിമാനം ലാൻഡ് ചെയ്തത്. ഹോട്ടലിന്റെ 56-ാംനിലയിലുള്ള ഹെലിപ്പാഡിലേക്ക് ലൂക്ക് വിമാനമിറക്കുന്നതിന്റെയും തുടർന്ന് ടേക്ക് ഓഫ് ചെയ്യുന്നതിന്റെയും വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്.

അടിമുടി മാറ്റം

 ലാൻഡിംഗ് നടത്തിയ വിമാനം നിർമ്മിച്ചത് അമേരിക്കൻ കമ്പനിയായ കബ്‌ക്രാഫ്റ്റേഴ്സ്

 വളരെ പരിമിതമായ സ്ഥലത്തേക്ക് ഇറക്കുന്നതിന് മുന്നോടിയായി കമ്പനിയിലെ എൻജിനീയർമാർ വിമാനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തി

 ഇന്ധന ടാങ്ക് പിൻഭാഗത്താക്കി

 ബ്രേക്കിംഗ് ശേഷി ഉയർത്തി

 ഭാരം കുറച്ച് 425 കിലോഗ്രാമാക്കി

 നീളം - 7.1 മീറ്റർ

 ഉയരം - 2.54 മീറ്റർ

 ചിറകുകൾ തമ്മിലെ അകലം - 10.44 മീറ്റർ

 ബുർജ് അൽ അറബ്

 സെവൻ സ്റ്റാർ ഹോട്ടൽ

 56 നില

 തുറന്നത് - 1999 ഡിസംബർ 1

 നിർമ്മാണ ചെലവ് - 1 ബില്യൺ ഡോളർ

 ഉയരം - 1,053 അടി

 മുറികൾ - 202

 ലോകത്തെ ഏറ്റവും ചെറിയ എയർപോർട്ട് റൺവേ - യു.എസിലെ ഐഡാഹോയിലെ സിംകോ ഫീൽഡ് എയർപോർട്ടിൽ

( നീളം - 122 മീറ്റർ )

 ആധുനിക കൊമേഴ്ഷ്യൽ വിമാനങ്ങളിറങ്ങാൻ റൺവേയ്ക്ക് വേണ്ട ചുരുങ്ങിയ നീളം - 1,800 മീറ്റർ