മെഡിക്കൽ സമരത്തിൽ പങ്കെടുക്കും

Wednesday 15 March 2023 10:27 PM IST

കണ്ണൂർ : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നാളെ മെഡിക്കൽ സമരം നടക്കും.രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചികിത്സയിൽ നിന്ന് മാറി നിൽക്കും. ഒരു വർഷത്തിനിടയിൽ കേരളത്തിൽ 132 ജീവനക്കാർ അക്രമിക്കപ്പെട്ടുവെന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ആശങ്കകൾ പരിഹരിച്ച് അവർക്ക് നിർഭയം ചികിത്സ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. സമരത്തോടനുബന്ധിച്ച് രാവിലെ 9ന് ഐ.എം.എ സംസ്ഥാന-ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക,​ ആശുപത്രി അക്രമങ്ങളെ കുറിച്ചുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക,​ പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെച്ചു. ടി.എൻ.ബാബു രവീന്ദ്രൻ,​ ആർ.രമേശ്,​ ടി.ഗോപിനാഥൻ,​ ലളിത് സുന്ദരം,​ സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു.