തുമ്പോളി ജംഗ്ഷനിൽ അടിപ്പാത വേണം
Thursday 16 March 2023 12:29 AM IST
ആലപ്പുഴ; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തുമ്പോളി ജംഗ്ഷനിൽ അടിപ്പാത വേണമെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. തീരദേശത്തെ ജനങ്ങൾ ആലപ്പുഴ നഗരത്തിലേക്ക് എത്താൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തുമ്പോളി ജംഗ്ഷൻ വഴിയുള്ള പാതയാണെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ റൂട്ടിൽ സർവ്വീസ് നടത്തുന്ന 35-ൽ പരം ബസുകൾ നഗരത്തിലെത്തുന്നത് തുമ്പോളി ജംഗ്ഷൻ വഴിയാണ്. ഒട്ടനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും ഉൾകൊള്ളുന്ന ഈ മേഖലയിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചതായി അദ്ദേഹം അറിയിച്ചു.