മുക്കാൽ മണിക്കൂർ സംഘർഷം: വിറങ്ങലിച്ച് നിയമസഭാ മന്ദിരം
തിരുവനന്തപുരം: മുക്കാൽ മണിക്കൂർ നീണ്ട സംഘർഷത്തിൽ ഇന്നലെ നിയമസഭാ മന്ദിരം വിറങ്ങലിച്ചു. ഒന്നാം നിലയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ ഇടനാഴിയിലായിരുന്നു പ്രതിപക്ഷത്തെ എം.എൽ.എമാരെ ഭരണപക്ഷ എം.എൽ.എമാരും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പേഴ്സണൽ സ്റ്രാഫും വാച്ച് ആൻഡ് വാർഡും ചേർന്ന് മർദ്ദിച്ചത്. സ്പീക്കർ നീതി പാലിക്കുക എന്നെഴുതിയ കറുത്ത ബാനറുമായാണ് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഓഫീസിനു മുന്നിലേക്ക് പ്രകടനമായെത്തിയത്. പിന്നീടുണ്ടായത് അസാധാരണമായ സംഘർഷമായിരുന്നു. ഒരു ഘട്ടത്തിൽ പോലും സ്പീക്കറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ പ്രതിപക്ഷം ശ്രമിച്ചില്ല.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ രാവിലെ 10.30ന് പ്രതിപക്ഷത്തിന്റെ പ്രയിഷേധ സമരത്തിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്തതോടെയാണ് സമരത്തിന്റെ രൂപം മാറിയത്. കുത്തിയിരുന്ന പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് ചോദ്യം ചെയ്തതോടെ കെ.എം. സച്ചിൻദേവ്, കെ. ആൻസലൻ തുടങ്ങിയ ഭരണപക്ഷ എം.എൽ.എമാരും പേഴ്സണൽ സ്റ്റാഫും ചേർന്ന് ഉന്തുംതള്ളും തുടങ്ങി. ഭരണപക്ഷത്തെ ചില എം.എൽ.എമാർ മോശം പദപ്രയോഗം തുടങ്ങിയതോടെ പ്രതിപക്ഷം പ്രകോപിതരായി. ഭരണ- പ്രതിപക്ഷ അംഗങ്ങൾ പരസ്പരം ആക്രോശിച്ചു. ഇതിനിടെ സനീഷ് കുമാർ ജോസഫിനെ വാച്ച് ആൻഡ് വാർഡ് ബൂട്ടിട്ട് ചവിട്ടുകയും പിടിച്ചു തള്ളുകയും ചെയ്തു. നിലത്തു വീണ സനീഷ് കുമാർ ബോധരഹിതനായി. മുകളിലേക്ക് ഉന്തിലും തള്ളിലും പെട്ട ഏതാനും പേർ കൂടി മറിഞ്ഞുവീണു.
പിന്നാലെ എം.എൽ.എമാരെ വലിച്ചിഴച്ചും തൂക്കിയെടുത്തും ബലമായി നീക്കംചെയ്യാൻ തുടങ്ങി. ഇതിനിടെ മാത്യു കുഴൽനാടനെ വാച്ച്ആൻഡ് വാർഡ് ബൂട്ടിട്ട് ചവിട്ടിയതിനെച്ചൊല്ലി വാക്കേറ്റമായി. വാച്ച് ആൻഡ് വാർഡും എം.എൽ.എമാരും നേർക്കുനേർ വാഗ്വാദവും പോർവിളിയുമായി. ഭരണപക്ഷ അംഗങ്ങളും സ്പീക്കറുടെ ഓഫീസിനു മുന്നിലെത്തിയതോടെ പോർവിളിയും കൈയാങ്കളിയും കനത്തു. പിന്നാലെ കെ.കെ.രമയെ കൈയിലും കാലിലും പിടിച്ച് വനിതാ വാച്ച് ആൻഡ് വാർഡുമാർ വലിച്ചിഴച്ചു. ശക്തമായ മൽപ്പിടുത്തത്തിൽ രമയുടെ കൈയുടെ കുഴ തെറ്റി. എ.കെ.എം അഷറഫിനെ കാലിൽ തൂക്കിയെടുത്ത് മാറ്റാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചു. ഇത് സജീവ് ജോസഫും ഐ.സി ബാലകൃഷ്ണനും ടി.ജെ.വിനോദും ചേർന്ന് തടഞ്ഞു.
നിരവധി എം.എൽ.എമാർക്ക് ഉന്തിലും തള്ളിലും പരിക്കേറ്റു. കെ.കെ.രമയും ഉമാതോമസും വാച്ച് ആൻഡ് വാർഡിന്റെ അതിക്രമം ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്ഥലത്തെത്തിയപ്പോഴും സംഘർഷത്തിന് അയവുണ്ടായിരുന്നില്ല. സതീശന്റെ ആവശ്യപ്രകാരം വാച്ച് ആൻഡ് വാർഡുമാർ എം.എൽ.എമാർക്കെതിരെ ബലപ്രയോഗം നിറുത്തി പിന്മാറിയതോടെയാണ് സംഘർഷം അയഞ്ഞത്.തന്നെ വാച്ച് ആൻഡ് വാർഡുമാർ നിലത്തിട്ട് ബൂട്ടിന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നും ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചെന്നും കിടക്ക നൽകാതെ കാൽ മണിക്കൂർ വീൽചെയറിൽ ഇരുത്തിയെന്നും സനീഷ് കുമാർ പിന്നീട് പറഞ്ഞു.