വെട്ടിപ്പൊളിച്ച റോഡിൽ തപ്പിത്തടഞ്ഞ് നാട്ടുകാർ

Thursday 16 March 2023 12:00 AM IST

ആലപ്പുഴ: തിരുവമ്പാടി ജംഗ്ഷന് പടിഞ്ഞാറ് വശം മുല്ലാത്ത് വളപ്പ് വാർഡിൽ ഷഢാമണി തോട്ടിലെ കലുങ്കും പൈപ്പ് ലൈനും ഉയർത്തി സ്ഥാപിക്കാനായി റോഡ് വെട്ടിപ്പൊളിച്ചത് തലവേദനയായി. സമാന്തരപാത തയ്യാറാക്കാതിരുന്നതിനാൽ നടന്നുപോലും അപ്പുറമെത്താൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.

പൊളിച്ച കലുങ്കിനോട് ചേർന്ന് താഴ്ചയിൽ കിടക്കുന്ന മൺകൂനയിൽ ചവിട്ടിയാണ് കാൽനയാത്രക്കാർ മറുകര കടക്കുന്നത്. പരീക്ഷയ്ക്കെത്തേണ്ട വിദ്യാർത്ഥികൾക്കെങ്കിലും സഞ്ചരിക്കാവുന്ന തരത്തിൽ പലകപ്പാലമോ താത്കാലിക നടപ്പാതയോ അധികൃതർ ഒരുക്കണമായിരുന്നെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ എച്ച്. സലാം എം.എൽ.എയുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽപ്പെടുത്തിയാണ് 14 ലക്ഷം രൂപയുടെ പ്രവൃത്തി ആരംഭിച്ചത്. വികസനത്തിന് തങ്ങൾ എതിരല്ലെന്നും സമാന്തര കാൽനട യാത്രാസംവിധാനം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.

......................................

പദ്ധതി: ഷഢാമണി തോട് കലുങ്കും വാട്ടർ പൈപ്പും ഉയർത്തി സ്ഥാപിക്കൽ

പദ്ധതി തുക: 14,20,000 രൂപ

..................................

പരീക്ഷയ്ക്കു പോകുന്ന കുട്ടികൾ താഴ്ചയിലേക്ക് ചാടിയും പ്രയാസപ്പെട്ട് വലിഞ്ഞ് കരയ്ക്ക് കയറിയുമാണ് മറുകര കടക്കുന്നത്. അധികൃതർ ശ്രമിച്ചാൽ താത്കാലിക നടപ്പാത സംവിധാനം ഒരുക്കാൻ സാധിക്കും. ഇതിന് ശ്രമിക്കാത്തതിൽ മാത്രമാണ് ഞങ്ങൾക്ക് പരാതിയുള്ളത്

നിയാസ്, പ്രദേശവാസി