തടഞ്ഞുനിറുത്തി മൊബൈൽ ഫോണുകൾ തട്ടിയെടുക്കുന്ന സംഘം പിടിയിൽ

Thursday 16 March 2023 6:59 AM IST

കായംകുളം : ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോണുകൾ പിടിച്ചു പറിക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ കൂട്ടേത്ത് തെക്കതിൽ ബിലാദ് (20), കീരിക്കാട് തെക്ക് എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20) , എരുവ വലിയത്ത് കിഴക്കതിൽ അജിംഷാ (20) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓച്ചിറ- ചൂനാട് റോഡിൽ ശിവശക്തി നൃത്തവിദ്യാലയത്തിന് മുൻവശം വെച്ചു കഴിഞ്ഞ 9 ന് വൈകിട്ട് സൈക്കിളിലെത്തിയ 17കാരനെ തടഞ്ഞുനിറുത്തി 28000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന കേസിലാണ് ഇവർ പിടിയിലായത്.

കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ഇവർ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ പിടിച്ചുപറിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, സബീഷ് , ഫിറോസ് , മുഹമ്മദ് ഷാൻ , ദീപക് വാസുദേവൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.