ചൂടിൽ മെലിഞ്ഞ് നെല്ല്, പോക്കറ്റ് കീറി കർഷകർ

Thursday 16 March 2023 12:09 AM IST
കൊയ്ത്ത്

ആലപ്പുഴ : കടുത്ത ചൂടിനെത്തുടർന്ന് കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ലിന് തൂക്കം കുറയുന്നത് കർഷകർക്ക് നഷ്ടം വരുത്തുന്നു. ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ ഏജൻസികൾ രണ്ടു മുതൽ അഞ്ച് കിലോഗ്രാം നെല്ലു വരെ കൂടുതൽ ഈടാക്കുന്നതായി കർഷകർ പറയുന്നു. കരിനങ്ക്, പതിര്, അരനെല്ല് എന്നിവയുടെ പേരിലാണ് കൂടുതൽ നെല്ല് ഇടാക്കുന്നത്.

സാധാരണ വിളവെത്താറാകുമ്പോൾ മഴ ലഭിക്കുകയും നെല്ലിന് നല്ല ദൃഢതയുണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും ചൂട് കൂടിയതും കാരണം നെൽക്കതിരുകൾ ഉണങ്ങി. വേനൽ കടുത്ത് ഉണക്ക് ഇനിയും കൂടിയാൽ വിളവിൽ കാര്യമായ കുറവുണ്ടാകുമെന്നത് കർഷകരെ വിഷമവൃത്തത്തിലാക്കുന്നു. സംഭരണത്തിനെത്തുന്ന മില്ലുകാർ കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നതായി കർഷകർ പരാതി നൽകിയാൽ പാഡി മാർക്കറ്റിംഗ് ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തും.

ഒരു ക്വിന്റൽ നെല്ലിന്മേൽ സംഭരണ ഏജൻസികൾ കൂടുതലായി ഈടാക്കുന്നത് : 2 മുതൽ 5 കിലോഗ്രാം വരെ നെല്ല്

നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് : 23 - 25 ഡിഗ്രി സെൽഷ്യസ്

ഇപ്പോൾ അനുഭവപ്പെടുന്ന ചൂട് : 34 - 35 ഡിഗ്രി സെൽഷ്യസ്

നിരീക്ഷണത്തിന് ഉദ്യോഗസ്ഥർ

ജില്ലയിൽ പുഞ്ചക്കൊയ്ത്തും നെല്ല് സംഭരണവും പൂർത്തിയാകുന്നതുവരെ നിരീക്ഷണത്തിനും നെൽകർഷകരുടെ പ്രശ്നങ്ങൾ അപ്പപ്പോൾ തീർപ്പാക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർക്കാണ് കൊയ്ത്തിന്റെ പുരോഗതി നിരീക്ഷിക്കാനുള്ള ചുമതല. കുട്ടനാട്ടിലെ ഓരോ ബ്ലോക്ക് കേന്ദ്രീകരിച്ചും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. കൊയ്ത്ത് സംബന്ധിച്ച് ഇവർ അപ്പപ്പോൾ റിപ്പോർട്ട് തയ്യാറാക്കും. ഏതെല്ലാം മില്ലുകളാണ് നെല്ല് സംഭരിക്കുന്നതെന്ന വിവരം കർഷകരെ അറിയിക്കും. കൊയ്ത്ത് കഴിഞ്ഞാൽ ഉടൻ പി.ആർ.എസ് കൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

കടുത്ത വേനലിൽ നെല്ലിനുണ്ടാകുന്ന തൂക്കക്കുറവ് കർഷകർക്ക് തിരിച്ചടിയാകുന്നു. കൊയ്‌തെടുക്കുന്ന നെല്ല് ഏജൻസികൾ സംഭരിക്കുന്നതിൽ കാലത്താമസവും നേരിടുന്നു

- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ

Advertisement
Advertisement