രാഷ്ട്രപതിയുടെ സന്ദർശനം : പരീക്ഷാർത്ഥികൾക്ക് പ്രത്യേക സൗകര്യങ്ങൾ

Thursday 16 March 2023 1:11 AM IST
പരീക്ഷ

ആലപ്പുഴ : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ദേശീയ പാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ, പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ നിശ്ചയിച്ച സമയത്തിനും നേരത്തെ പുറപ്പെട്ട് സ്‌കൂളിൽ എത്തിച്ചേരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. രാഷ്ട്രപതി എത്തിച്ചേരുന്ന കായംകുളം എൻ.ടി.പി.സി മൈതാനം, സമീപ പ്രദേശങ്ങൾ, യാത്ര ചെയ്യുന്ന ദേശീയ പാതയുടെ സമീപം എന്നിവിടങ്ങളിലാണ് രാവിലെ 8.55 മുതൽ 10.55 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. പരീക്ഷാർത്ഥികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുന്നതിന് അതത് സ്‌കൂൾ അധികൃതരും പി.ടി.എ. അംഗങ്ങളും ശ്രദ്ധിക്കണമെന്ന് കളക്ടർ കർശന നിർദ്ദേശം നൽകി. നേരത്തെ സ്‌കൂളിലെത്തുന്ന പരീക്ഷാർത്ഥികൾക്ക് വിശ്രമമുറി, കുടിവെള്ളം, ലഘുഭക്ഷണം എന്നിവ ഉറപ്പുവരുത്തണം. വിദ്യാർഥികൾക്ക്‌ നേരത്തേ സ്‌കൂളുകളിൽ എത്താൻ കെ.എസ്.ആർ.ടി.സി സർവീസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.