ശ്രീചിത്രയിൽ ഹാർട്ട് ഇൻ പ്രഗ്‌നൻസി ക്ലീനിക്ക്

Thursday 16 March 2023 3:15 AM IST

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ കാർഡിയോളജി, കാർഡിയോ -തൊറാസിക് ശസ്ത്രക്രിയ വിഭാഗങ്ങളും മെഡിക്കൽ കോളേജ്- എസ്.എ.ടി ആശുപത്രി പ്രസവചികിത്സ-ഗൈനക്കോളജി വിഭാഗങ്ങളും സംയുക്തമായി ആരംഭിക്കുന്ന 'ഹാർട്ട് ഇൻ പ്രഗ്നൻസി ' ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യ-കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ നിർവഹിച്ചു.എസ്.സി.ടി ഡയറക്‌ടർ സഞ്ജയ് ബിഹാരി,ഡോ.തോമസ് മാത്യു,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കലാ കേശവൻ, ശ്രീചിത്രയിലെ മെഡിക്കൽ സൂപ്രണ്ട് രൂപാ ശ്രീധർ ഉൾപ്പെടെയുളളവർ ചടങ്ങിൽ പങ്കെടുത്തു.

ഗർഭിണികൾക്കുണ്ടാകുന്ന ഹൃദ്രോഗവും പ്രസവ ശസ്‌ത്രക്രിയയെ തുടർന്നുണ്ടാകുന്ന ഹൃദ്രോഗ അണുബാധയും ഉൾപ്പെടെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് പുതിയ ക്ലീനിക്ക്. എസ്.എ.ടിയിൽ ഒരു വർഷം പതിനായിരത്തോളം പ്രസവ ശസ്‌ത്രക്രിയകളാണ് നടക്കുന്നത്. ഇതിൽ എഴുപത് ശതമാനവും അപകട സാദ്ധ്യതയുളള പ്രസവങ്ങളാണ്. ഇതിൽ മുന്നൂറോളം സ്‌ത്രീകൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് പുതിയ ക്ലീനിക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ആലോചനകളിലേക്ക് അധികൃതർ കടന്നത്. പ്രസവത്തിന് മുമ്പും പ്രസവാനന്തരവും സ്‌ത്രീകളെ പരിശോധിക്കുന്നതിനൊപ്പം ശിശുക്കളുടെ ഹൃദയസംബന്ധമായ വളർച്ചയും ക്ലീനിക്കിൽ പരിശോധിക്കും.

Advertisement
Advertisement