സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് സഭയിലല്ലാതെ എവിടെ പറയും: സതീശൻ

Thursday 16 March 2023 12:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേന ശരാശരി 47 സ്ത്രീകളാണ് ആക്രമിക്കപ്പെടുന്നതെന്നും ഇത് നിയമസഭയിൽ അല്ലാതെ എവിടെ പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഇത് കൗരവസഭയാണോ? ഇതുപോലൊരു വിഷയം അവതരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് നിയമസഭ ചേരുന്നത്? അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകാൻ ആഭ്യന്തരമന്ത്രിക്ക് സൗകര്യമില്ലെങ്കിൽ അദ്ദേഹം എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നത്? മകളുടെ പ്രായമുള്ളൊരു പെൺകുട്ടി തലസ്ഥാനത്ത് പട്ടാപ്പകൽ ആക്രമിക്കപ്പെട്ടത് ഗൗരവമുള്ളതല്ലെന്നാണ് സ്പീക്കർ പറയുന്നത്. അങ്ങനെയെങ്കിൽ ഇവർക്ക് ഗൗരവമുള്ള കാര്യം എന്താണ്?- സതീശൻ ചോദിച്ചു.

പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്ന ധിക്കാരമാണ്. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ പാരമ്യതയിൽ എത്തിയിരിക്കുകയാണ്. സലാമും സച്ചിൻദേവും ഒരു പ്രകോപനവുമില്ലാതെ പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ചു. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചാൽ നിയമസഭാ മന്ദിരം ഇടിഞ്ഞു വീഴുമോ? മാർക‌്സിസ്റ്റുകാരായ ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയത്. പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ച സലാമിനും സച്ചിൻദേവിനും ഡെപ്യൂട്ടി മാർഷലിനും എതിരെ നടപടി വേണം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ പത്ത് എം.എൽ.എമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എത്രയും വേഗം സഭ നിറുത്തിപ്പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും സതീശൻ പറഞ്ഞു.