സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം: വിഭാഗീയതയ്ക്ക് കാരണം നേതൃത്വത്തിന്റെ സമീപനം

Thursday 16 March 2023 12:21 AM IST

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമായത് നേതൃത്വത്തിന്റെ പക്ഷപാതപരമായ സമീപനത്താലാണെന്ന് തുറന്നടിച്ച് സി.പി.ഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുൾപ്പെടെ പങ്കുണ്ടെന്ന് ചിലർ തുറന്നടിച്ചു.

പാർട്ടി സമ്മേളന റിവ്യു റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ കാനം രാജേന്ദ്രൻ, വിവിധ ഘട്ടങ്ങളിൽ നേതൃത്വം തന്നെ തഴഞ്ഞതടക്കമുള്ള കാര്യങ്ങൾ ഓർമ്മിപ്പിച്ചു. സി.പി.ഐ വ്യത്യസ്ത പാർട്ടിയാണെന്ന് പറയാനാവാത്ത നിലയിൽ വിഭാഗീയത പ്രകടമായിട്ടുണ്ടെന്ന്

തുറന്ന് സമ്മതിച്ച സെക്രട്ടറി ,എല്ലാം അവസാനിപ്പിച്ച് തിരുത്തൽ ശക്തിയായി പാർട്ടി മുന്നോട്ട് പോകണമെന്നും , എല്ലാവരും സ്വയം തെറ്റ് തിരുത്തണമെന്നും പറഞ്ഞു.

എറണാകുളത്ത് ബ്രാഞ്ച് സമ്മേളനം തൊട്ട് വിഭാഗീയത ശക്തമായിരുന്നുവെന്നും ,പണം കൊടുത്തു വരെ ആളുകളെ സ്വാധീനിക്കുന്ന തെറ്റായ പ്രവണത കണ്ടെന്നും അവലോകന റിപ്പോർട്ടിലുണ്ട്.കോട്ടയം, വയനാട് ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും ഇഷ്ടക്കാരെയും പാർശ്വവർത്തികളെയും സൃഷ്ടിക്കുകയാണെന്നും ഒരംഗം കുറ്റപ്പെടുത്തി. ചിലർക്ക് മാത്രം ചില തീരുമാനങ്ങൾ ബാധകമാക്കുന്നു. മന്ത്രിമാർക്ക് ഭരണച്ചുമതലയുടെ തിരക്കുള്ളതിനാൽ സംസ്ഥാന എക്സിക്യൂട്ടീവിൽ വേണ്ടെന്ന് പറഞ്ഞാണ് വി.എസ്. സുനിൽകുമാറിനെ ഒഴിവാക്കിയത്. എന്നാൽ ഇപ്പോഴത്തെ നാല് മന്ത്രിമാരെയും സംസ്ഥാന എക്സിക്യൂട്ടീവിലും നാഷണൽ കൗൺസിലിലും ഉൾപ്പെടുത്തി. അവർക്ക് സംഘടനാ ചുമതല തിരക്കില്ലാതെ നിർവഹിക്കാനാകുമോ? എം.എൽ.എ ജില്ലാ സെക്രട്ടറിയാവേണ്ടെന്ന തീരുമാനം കൊല്ലത്ത് സുപാലിനെ സെക്രട്ടറിയാക്കിയപ്പോൾ ബാധകമായില്ല. ഒരിക്കൽ ബോർഡ് ചെയർമാനോ, എം.എൽ.എയോ ആയവരോ മറ്റേതെങ്കിലും സർക്കാർ പദവികളിലേക്ക് വേണ്ടെന്ന തീരുമാനത്തിലും ചിലർക്ക് മാത്രം ഇളവ് നൽകുന്നു. തിരുത്തൽ ശക്തിയായ പാർട്ടി ഇന്നൊരു തിരുമ്മൽശക്തിയായെന്നും വിമർശനമുയർന്നു.

വിഭാഗീയതയുടെ ഇരയായ ആളാണ് താനെന്ന് മറുപടി പ്രസംഗത്തിൽ ഓർമ്മിപ്പിച്ച കാനം, കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കമുണ്ടായപ്പോൾ ഒഴിഞ്ഞ കഥയടക്കം വിവരിച്ചു. പിന്നീട് രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോൾ സംസ്ഥാന കൗൺസിലിലെ ഭൂരിപക്ഷ വികാരം തനിക്കൊപ്പമായിട്ടും, അന്നത്തെ സംസ്ഥാന സെക്രട്ടറി ഒരു മാദ്ധ്യമ പ്രവർത്തകൻ മത്സരിക്കട്ടെയെന്ന് നിർദ്ദേശിച്ചാണ് എം.പി. അച്യുതൻ സ്ഥാനാർത്ഥിയായത്. അന്നും താൻ സ്വയം പിന്മാറിയതാണ്. സി.കെ. ചന്ദ്രപ്പൻ അന്തരിച്ച ശേഷം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് സി. ദിവാകരന്റെ പേര് കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചു. അന്നും തനിക്കനുകൂലമായി സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷ വികാരമുണ്ടായി. തർക്കം രൂക്ഷമായപ്പോഴാണ് സമവായ സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രന്റെ പേര് വന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഒറ്റപ്പെടുത്തി കടന്നാക്രമിക്കുമ്പോൾ നമ്മൾ കൂടി ഭാഗമായ സംസ്ഥാന സർക്കാരിനെ സംരക്ഷിക്കേണ്ട ബാദ്ധ്യതയുണ്ടെന്നും കാനം വ്യക്തമാക്കി..

Advertisement
Advertisement