ആശുപത്രിയിൽ കിടക്ക കിട്ടിയില്ല: സനീഷ്കുമാർ വീൽചെയറിൽ ഇരുന്നത് കാൽ മണിക്കൂർ
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ സനീഷ്കുമാർ ജോസഫ് എം.എൽ.എയെ ജനറൽ ആശുപത്രിയിൽ കിടക്ക നൽകാതെ വീൽചെയറിൽ ഇരുത്തിയത് കാൽ മണിക്കൂറിലധികം. ആശുപത്രിയിലെ ഒബ്സർവേഷനിലെത്തിച്ച എം.എൽ.എയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീൽചെയറിൽ സ്കാൻ, എക്സ്റേ പരിശോധനകൾക്ക് കൊണ്ടുപോയിരുന്നു. ഇതുകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് എം.എൽ.എയ്ക്ക് കിടക്ക നൽകാതെ വീൽ ചെയറിലിരുത്തിയത്.
ഒബ്സർവേഷനിൽ എം.എൽ.എയ്ക്കനുവദിച്ച കിടക്ക പിന്നാലെ ചികിത്സ തേടിയെത്തിയ വാച്ച് ആൻഡ് വാർഡുമാർക്ക് നൽകിയിരുന്നു. സ്കാൻ റിസൾട്ടുകൾ ഡോക്ടർമാർ പരിശോധിക്കുമ്പോഴെല്ലാം എം.എൽ.എ വീൽ ചെയറിലായിരുന്നു. ഈ സമയം ഒബ്സർവേഷനിൽ കിടക്ക ഒഴിവുണ്ടായിട്ടും എം.എൽ.എയ്ക്ക് നൽകിയില്ല.
പരിക്കേറ്റ വാച്ച് ആൻഡ് വാർഡുമാരെ സന്ദർശിക്കാൻ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ എന്നിവർ എത്തിയപ്പോഴും സനീഷ്കുമാർ വീൽചെയറിലായിരുന്നു. ഇവരെല്ലാം പോയി ഏറെനേരം കഴിഞ്ഞ് ഡോക്ടറോട് എം.എൽ.എ പരാതിപ്പെട്ടപ്പോഴാണ് കിടക്ക അനുവദിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഉമാ തോമസ്, അൻവർ സാദത്ത്, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ എന്നിവരും സനീഷിനെ സന്ദർശിച്ചു. കൈക്ക് പരിക്കേറ്റ കെ.കെ. രമ എം.എൽ.എയെ എക്സ്റേ പരിശോധനകൾക്ക് ശേഷം കൈയിൽ പ്ലാസ്റ്ററിട്ട് ഇതിനിടെ വിട്ടയച്ചിരുന്നു.
ഒമ്പത് വാച്ച് ആൻഡ് വാർഡുമാർക്ക് പരിക്ക്
പ്രതിപക്ഷ പ്രതിഷേധത്തിൽ അഡിഷണൽ ചീഫ് മാർഷലടക്കം ഒമ്പത് വാച്ച് ആൻഡ് വാർഡുമാർക്ക പരിക്കേറ്റു. ഇവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അഡിഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വാച്ച് ആൻഡ് വാർഡുമാരായ നീതു, മേഘ എം. മുരുകൻ, അനീഷ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. അഖില, ഷീന, മാളവിക എന്നിവർക്ക് എല്ലിന് ക്ഷതമേറ്റു.