നഷ്ടപ്പെട്ട ഐ ഫോൺ മൂന്നാം മണിക്കൂറിൽ കണ്ടെത്തി സൈബർ പൊലീസ്
ആലപ്പുഴ: ബീച്ചിൽ നിന്നു മടങ്ങവേ, ഒരു ലക്ഷം രൂപയുടെ ഐ ഫോൺ നഷ്ടപ്പെട്ട വിദേശികൾക്ക് മൂന്നാം മണിക്കൂറിൽ ഫോൺ കണ്ടെത്തി നൽകി ജില്ലാ സൈബർ പൊലീസ്. ബ്രിട്ടീഷ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥൻ നിയാൽ, സുഹൃത്ത് എലനോർ ബൻടൻ എന്നിവർ ആലപ്പുഴ ബീച്ചിൽ നിന്നു തിരികെ പോകുമ്പോഴാണ് എലനോറയുടെ ഐ ഫോൺ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇരുവരും ഉടൻ തന്നെ ആലപ്പുഴ സൈബർ സെല്ലിലെത്തി വിവരം അറിയിച്ചു. അന്വേഷണത്തിൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. മുല്ലയ്ക്കലിൽ നിന്നു ഇരുവരും ഓട്ടോറിക്ഷയിലാണ് ആലപ്പുഴ ബീച്ചിൽ എത്തിയത്. സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി.വിനോദിന്റെ നിർദ്ദേശാനുസരണം സൈബർ സെൽ ഉദ്യോഗസ്ഥനായ അഭിജിത്ത്, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ ബിനോജ് എന്നിവർ പൊലീസ് കൺട്രോൾ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഓട്ടോറിക്ഷയെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല. തുടർന്ന് ആലപ്പുഴ നഗരത്തിലെ വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നൂറോളം ഓട്ടോറിക്ഷകൾ പരിശോധിച്ചു. മൂന്നു മണിക്കൂർ പരിശ്രമത്തിനൊടുവിൽ ഒരു ഓട്ടോറിക്ഷയുടെ സീറ്റിന്റെ ഇടയിൽ നിന്നു ഫോൺ കണ്ടെത്തി. തുടർന്ന് വിദേശികൾ സൈബർ സെൽ ഓഫീസിലെത്തി സബ് ഇൻസ്‌പെക്ടർ കെ.അജിത്ത് കുമാറിൽ നിന്നു ഫോൺ ഏറ്റുവാങ്ങി.