സിബലിനെതിരായ പ്രമേയം;ഉപേക്ഷിച്ചു
ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ കോടതിയിലെത്തി മാപ്പ് ചോദിച്ച മുതിർന്ന അഭിഭാഷകരായ കപിൽ സിബലിനും എൻ.കെ. കൗളിനുമെതിരെ പ്രമേയം പാസാക്കാനുളള നീക്കത്തിൽ നിന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പിന്മാറി. ഇന്ന് ജനറൽ ബോഡി ചേരുമെന്ന തീരുമാനം പിൻവലിച്ചു. പ്രമേയം പാസാക്കണമെന്ന് ഒരു വിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രമേയം പാസാക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ അറ്രോർണി ജനറൽ കെ.കെ. വേണുഗോപാലും, 600ൽപ്പരം അഭിഭാഷകരും രംഗത്തെത്തിയതോടെയാണ് ജനറൽ ബോഡി കൂടാനുളള തീരുമാനം ഉപേക്ഷിച്ചത്.
അഭിഭാഷകർക്ക് ചേംബർ ബ്ലോക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് രണ്ടിന് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രകോപനപരമായി സംസാരിച്ചതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. പിന്നീട് കപിൽ സിബലും, എൻ.കെ. കൗളും ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി മാപ്പുപറയുകയായിരുന്നു.